Flash News

ഗവര്‍ണര്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തുന്ന രീതി അവസാനിപ്പിക്കണം: പിസി ജോര്‍ജ്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഗവര്‍ണറെ നോക്കുകുത്തിയാക്കിയെന്ന് പി സി ജോര്‍ജ് എംഎല്‍എ. നാലുമാസം മുമ്പ് യുഡിഎഫ് സര്‍ക്കാരിനെ വാഴ്ത്തിയ ഗവര്‍ണറെക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചുപറയിപ്പിക്കുകയാണ് നയപ്രഖ്യാപനത്തിലൂടെ ചെയ്തത്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തുന്ന രീതി അവസാനിപ്പിക്കണം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എന്താണു ശരിയാക്കുന്നതെന്ന്
വ്യക്തമാവുന്നില്ല: കുഞ്ഞാലിക്കുട്ടി

എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ എന്താണു ശരിയാക്കുന്നതെന്ന് നയപ്രഖ്യാപനത്തിലൂടെ വ്യക്തമാവുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
യുഡിഎഫിനെ കുറ്റം പറഞ്ഞവര്‍ ആ സര്‍ക്കാരിന്റെ നയം ആവര്‍ത്തിക്കുകയാണ്. അടിസ്ഥാനസൗകര്യ വികസനം, ഐടി മേഖലയുടെ വികസനം തുടങ്ങി പല മേഖലകളിലും സംസ്ഥാനം മുമ്പിലാണെന്ന് ഈ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയതില്‍ നന്ദിയുണ്ട്. പഴയ സര്‍ക്കാരിന്റെ നയത്തില്‍നിന്ന് പുതിയ സര്‍ക്കാരിനുള്ള ഏക നയവ്യത്യാസം ബാര്‍ വിഷയത്തില്‍ മാത്രമാണ്. ബാറുകള്‍ തുറക്കുമെന്ന നയമാണ് ഇന്ന് അവതരിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെന്നത്
പച്ചക്കള്ളം: കെ എം മാണി

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന നയപ്രഖ്യാപനപ്രസംഗത്തിലെ പരാമര്‍ശം പച്ചക്കള്ളമാണെന്ന് മുന്‍ ധനമന്ത്രി കെ എം മാണി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഖജനാവില്‍ 1643 കോടി രൂപയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളില്‍ ഖജനാവ് കാലിയായെങ്കില്‍ അതിനുത്തരവാദി ഈ സര്‍ക്കാരാണ്. രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന നയപ്രഖ്യാപനപ്രസംഗം തീര്‍ത്തും നിരാശാജനകവും പ്രായോഗിക നിര്‍ദേശങ്ങളില്ലാത്തതുമാണെന്നും മാണി ആരോപിച്ചു.

നിരാശാജനകം: ബിജെപി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിരാശാജനകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
പഴകിയതും കേട്ടുമറന്നതുമായ പ്രഖ്യാപനങ്ങള്‍ വീണ്ടും അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. സമഗ്രവികസനത്തിനുതകുന്ന ക്രിയാത്മകമായ പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കാനായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിക്കുന്ന നയപ്രഖ്യാപനം പുതിയ നയത്തെപ്പറ്റി നിശ്ശബ്ദത പാലിക്കുകയാണ്. ഈ സര്‍ക്കാരിന്റെ മദ്യം നയമെന്തെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it