ഗവര്‍ണര്‍ പി സദാശിവംരാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഗവര്‍ണര്‍ എന്ന നിലയ്ക്കുള്ള പതിവു കൂടിക്കാഴ്ച മാത്രമാണിതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ഇടപെടലിനു ബിജെപി നീക്കം നടത്തിക്കൊണ്ടിരിക്കെ ഗവര്‍ണറുടെ നടപടിക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യത്തിനൊപ്പം കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും വിഷയമായതായാണ് സൂചന. സംഘര്‍ഷം തടയാന്‍ കണ്ണൂരില്‍ സവിശേഷ സൈനികാധികാര നിയമമായ അഫ്‌സ്പ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ബിജെപി നേതൃത്വം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നു.  കേരളത്തില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഗവര്‍ണറുടെ നടപടിയില്‍ ബിജെപിക്ക് അതൃപ്തിയുണ്ട്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സംഘപരിവാര നേതൃത്വം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ദേശീയ തലത്തില്‍ വ്യാപക പ്രചാരണം നടത്തുന്നതിനിടെ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി കഴിഞ്ഞദിവസം കണ്ണൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ കേന്ദ്രആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Next Story

RELATED STORIES

Share it