Flash News

ബില്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചു, സര്‍ക്കാരിന് വീണ്ടും തിരിച്ചടി

ബില്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചു, സര്‍ക്കാരിന് വീണ്ടും തിരിച്ചടി
X


തിരുവനന്തപുരം : കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയ കേരളാ മെഡി. കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കാതെ തടഞ്ഞുവെച്ചു. ഭരണഘടന നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.  വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് എതിരാണ് ബില്‍ എന്ന വിലയിരുത്തിയാണ് ഗവര്‍ണറുടെ നടപടി എന്നാണ് സൂചന.
ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞു വച്ച സാഹചര്യത്തില്‍ ബില്‍ നാളെ അസാധുവാകും.
കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ പ്രവേശന നടപടികള്‍ റദ്ദാക്കിയ ഉത്തരവ് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടും ബില്ലുമായി മുന്നോട്ടു പോയ സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണറുടെ നടപടി കനത്ത തിരിച്ചടിയായി.
വിദ്യാര്‍ഥികളുടെ പ്രവേശനം ക്രമവല്‍ക്കരിക്കുന്നതിനുള്ള ബില്‍ നിയമസഭ കഴിഞ്ഞ ദിവസമാണ് ഏകകണ്ഠമായി പാസാക്കിയത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയത്. എന്നിട്ടും ബില്ലുമായി മുന്നോട്ടു പോവുകയായിരുന്നു സംസ്്ഥാന സര്‍ക്കാര്‍.
സുപ്രീംകോടതി റദ്ദാക്കിയ ഓര്‍ഡിനന്‍സ് നേരത്തെ ഗവര്‍ണറുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചപ്പോള്‍ ആദ്യം ജസ്റ്റിസ് പി സദാശിവം ഒപ്പിടാതെ മടക്കിയിരുന്നു. ഓര്‍ഡിനന്‍സില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് മടക്കിയത്. കഴിഞ്ഞവര്‍ഷം സര്‍ക്കാരുമായി കരാര്‍ ഒപ്പിടാതെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ നേരിട്ട് നടത്തിയ പ്രവേശനം മേല്‍നോട്ട സമിതി റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ 150ഉം കരുണയില്‍ 30ഉം വിദ്യാര്‍ഥികളുടെ പ്രവേശനമാണ് റദ്ദായത്. ഈ നടപടി സുപ്രീം കോടതിയും ശരിവച്ചു. കരുണയില്‍ 30 വിദ്യാര്‍ഥികളെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ പകരം അലോട്ട് ചെയ്‌തെങ്കിലും അവര്‍ക്ക് ഇക്കൊല്ലം പ്രവേശനം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇതു മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സും പിന്നാലെ ബില്ലും കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രിംകോടതി, 201617 കാലയളവില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നും ഉത്തരവിടുകയായിരുന്നു.
Next Story

RELATED STORIES

Share it