ഗവര്‍ണര്‍മാരെ പിരിച്ചുവിടല്‍: കേന്ദ്രത്തിന് നോട്ടീസ് ; നാലാഴ്ചക്കകം വിശദീകരണം നല്‍കണം സുപ്രിംകോടതി

ന്യൂഡല്‍ഹി:യുപിഎ സര്‍ക്കാ ര്‍ നിയമിച്ച ഗവര്‍ണര്‍മാരെ പിരിച്ചുവിട്ട നടപടിയെക്കുറിച്ച് വിശദീകരണമാവശ്യപ്പെട്ട് സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ഉത്തരാഖണ്ഡ് ഗവര്‍ണറായിരുന്ന അസീസ് ഖുറൈഷി, പുതുച്ചേരി ഗവര്‍ണറായിരുന്ന വിരേന്ദ്ര കതാരിയ എന്നിവരെ 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റയുടനെ പിരിച്ചുവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാലാഴ്ചക്കകം വിശദീകരണം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത മാര്‍ച്ച് 28ന് കേസ് വീണ്ടും പരിഗണിക്കും. ഖുറൈഷിയെ 2014 മെയിലും വിരേന്ദ്ര കതാരിയയെ ജൂലൈയിലുമാണ് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് പിരിച്ചുവിട്ടത്. ജസ്റ്റിസുമാരായ എഫ് എം ഖലീഫുള്ള, എ കെ സിക്രി, എസ് എ ബോബ്‌ഡെ, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് കേസ് വളരെ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ചു.
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി കേന്ദ്ര സര്‍ക്കാരിനു വേണ്ടിയും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ വിവേക് താന്‍ഖ മുന്‍ ഗവര്‍ണര്‍മാര്‍ക്ക് വേണ്ടിയും കോടതിയില്‍ ഹാജരായി.
ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് പിരിച്ചുവിട്ടതായി ഖുറൈഷിയെ അന്നത്തെ ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയും കതാരിയയെ ആഭ്യന്തര സെക്രട്ടറിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഫോണിലാണ് അറിയിച്ചതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗോസ്വാമിക്കും കോടതി നോട്ടീസയച്ചു.
ഖുറൈഷിക്ക് മുമ്പ് രണ്ട് ഗവര്‍ണര്‍മാരെ ബിജെപി സര്‍ക്കാ ര്‍ പിരിച്ചുവിട്ടിരുന്നു. എങ്കിലും ഖുറൈഷിയാണ് ആദ്യമായി കേന്ദ്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ബിജെപി അധികാരത്തില്‍ വന്ന ഉടനെ നാല് ഗവര്‍ണര്‍മാര്‍ രാജിവച്ചിരുന്നു.
Next Story

RELATED STORIES

Share it