ഗവര്‍ണര്‍ക്കെതിരേ ലൈംഗികാരോപണവുമായി രാജ്ഭവന്‍ ജീവനക്കാരി

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ കഴിഞ്ഞ വര്‍ഷം രാജിവച്ചതിനു പിറകെ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഗവര്‍ണര്‍ക്കെതിരേയും സമാനമായ പരാതി ഉയര്‍ന്നതായി ആരോപണം. രാജ്ഭവനിലെ വനിതാ ജീവനക്കാരോട് തന്റെ ഇംഗിതത്തിനു വഴങ്ങണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്ന് ആരോപിക്കുന്ന പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചതായാണ് റിപോര്‍ട്ട്.
ഗവര്‍ണറുടെ ഓഫിസിലെ ജീവനക്കാരിയാണ് പരാതിക്കു പിന്നില്‍. ആരോപണത്തില്‍ കഴമ്പുണ്ടോ എന്നു മന്ത്രാലയം പരിശോധിച്ചുവരുകയാണ്. ആരോപണം തെളിഞ്ഞാല്‍ ഗവര്‍ണറോട് ഉടനെ രാജി ആവശ്യപ്പെടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഗവര്‍ണറുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആരോപണവിധേയനായ ഗവര്‍ണറില്‍ നിന്നു വിശദീകരണം ആരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയക്കുകയോ മറ്റോ ഉണ്ടായില്ലെന്നാണ് റിപോര്‍ട്ട്.
എന്നാല്‍, ആരോപണങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്നും തെളിവുണ്ടോയെന്നു പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം, പരാതി ലഭിച്ച കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അശോക് പ്രസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മേഘാലയ ഗവര്‍ണറായിരുന്ന വി ഷണ്‍മുഖനാഥനും,  ആന്ധ്രപ്രദേശ് ഗവര്‍ണറായിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ഡി തിവാരിയും ലൈംഗികാരോപണം നേരിട്ടിരുന്നു.
Next Story

RELATED STORIES

Share it