Pravasi

ഗള്‍ഫ് രാജ്യങ്ങളിലെ റോമിങ് നിരക്ക് വീണ്ടും കുറച്ചു



ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ(ജിസിസി) റോമിങ് നിരക്ക്  വീണ്ടും കുറച്ചതായി ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (സിആര്‍എ) അറിയിച്ചു. ഖത്തറിലേയും മറ്റ് ജിസിസി രാജ്യങ്ങളിലേയും ടെലികോം ഉപയോക്താക്കള്‍ക്ക് ലാഭകരമാകുന്ന പുതിയ വ്യവസ്ഥയുടെ ഒന്നാം ഘട്ടമാണിതെന്നും സിആര്‍എ പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ വാര്‍ത്താവിനിമയ രംഗത്തെ സഹകരണം ശക്തിപ്പെടുത്താന്‍  ഇതിലൂടെ സാധിക്കും. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു ഒന്നാം ഘട്ട നിരക്കിളവ് നടപ്പാക്കിയത്.  ജിസിസി രാജ്യങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ വോയ്‌സ് കോള്‍ സ്വീകരിക്കല്‍,  എസ്എംഎസ് അയക്കല്‍, മൊബൈല്‍ ഡാറ്റ ഉപയോഗിക്കല്‍ തുടങ്ങിയ സേവനങ്ങളിലാണ് നിരക്കിളവ്. റോമിങ്ങിനിടെ എസ്എംഎസ് സ്വീകരിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല. പുതിയ നിരക്കിളവ് പ്രകാരം റോമിങില്‍ ഡാറ്റാ നിരക്കില്‍ 35 ശതമാനമാണ് ഇളവ്. ഒരു മെഗാബൈറ്റിന് 3.094 റിയാലാണ് പുതിയ നിരക്ക്. കഴിഞ്ഞ വര്‍ഷമിത് 4.732 റിയാലായിരുന്നു. റോമിങ് രാജ്യങ്ങളിലെ ലോക്കല്‍ വോയ്‌സ് കോള്‍ കഴിഞ്ഞ വര്‍ഷം മിനിറ്റിന് 0.946 റിയാല്‍ ആയിരുന്നത് ഈ വര്‍ഷം 0.910 ആയി കുറച്ചു. സ്വദേശം ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ വോയ്‌സ് കോളിന്റെ നിരക്ക് മിനിറ്റിന് 2.257 റിയാലാണ്. കഴിഞ്ഞ വര്‍ഷമിത് 2.330 റിയാല്‍ ആയിരുന്നു. എസ്എംഎസ് നിരക്ക് ഒരു സന്ദേശത്തിന് 0.291 റിയാല്‍ ആയിരുന്നത് 0.25 ആയി കുറച്ചു.റോമിങ് നിരക്കിളവിന്റെ മൂന്നാംഘട്ടത്തില്‍ വോയ്‌സ്, എസ്എംഎസ് സേവനങ്ങളുടെ നിരക്കില്‍ 2018 ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ കുറവ് വരും. മൊബൈല്‍ ഡാറ്റ നിരക്ക് ഇളവ് 2020 വരെ എല്ലാ വര്‍ഷവും കുറവായിരിക്കും. ഉപഭോക്തൃ സൗഹൃദപരമായ പുതിയ വ്യവസ്ഥയ്ക്കു വേണ്ടിയുള്ള ജിസിസി തപാല്‍, ടെലികമ്യൂണിക്കേഷന്‍, ഐടി മന്ത്രിതലസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ജിസിസി രാജ്യങ്ങളിലെയും റോമിങ്, ഫോണ്‍ വിളി, എസ്എംഎസ്, ഡാറ്റ എന്നിവയുടെ നിരക്ക് കുറക്കാനാണ് മന്ത്രിതല സമിതി തീരുമാനിച്ചത്.
Next Story

RELATED STORIES

Share it