kozhikode local

ഗള്‍ഫ് ബസാര്‍ മദ്‌റസയില്‍ അക്രമം നടത്തിയത് ലീഗ് പ്രവര്‍ത്തകരെന്ന്

നരിക്കുനി: പറമ്പില്‍ കടവ്  ഗള്‍ഫ് ബസാര്‍ ഹിദായത്തുല്‍ അത്ഫാല്‍ മദ്‌റസയില്‍ അക്രമം നടത്തിയത് ലീഗ് പ്രവര്‍ത്തകരാണെന്ന്്്് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. കാലങ്ങളായി സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് അനുസരിച്ചാണ് ഇവിടെ അധ്യയനം നടക്കുന്നത്.
1965 ല്‍ ഇ കെ ഉസ്മാന്‍ മുസ്്‌ലിയാര്‍ മുതവല്ലിയായി ആരംഭിച്ച് അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ ഇ കെ അബ്ദുല്ല മുസ്്‌ലിയാര്‍ മുതവല്ലിയുമായി തുടരുന്ന മദ്‌റസയാണ് ഇത്. ശനിയാഴ്ച രാവിലെ പ്രവേശനോല്‍സവം, ഫത്‌ഹെ മുബാറക്ക് നടക്കുന്നതിനിടെ ലീഗ് ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ 25 ഓളം പേരടങ്ങുന്ന സംഘം മദ്‌റസയിലെത്തി ക്ലാസ് തടസപ്പെടുത്താന്‍ ശ്രമിക്കുകയും ഫത്‌ഹെ മുബാറകിന് ഒരുക്കിയ മൈക്ക് സെറ്റ് അടിച്ച് തകര്‍ക്കുകയുമായിരുന്നുവത്രെ. അക്രമത്തിനായി കൊണ്ട് വന്ന ചങ്ങല കൊണ്ട് മദ്‌റസ കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കുള്ള വാതില്‍ പൂട്ടുകയും ചെയ്തിരുന്നു.
താക്കോല്‍ പോലീസിനെ ഏല്‍പ്പിച്ചെങ്കിലും പിറ്റേന്ന് പോലീസ് മദ്‌റസ ഭാരവാഹികളെ തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു. ഞായറാഴ്ച മദ്‌റസ നടന്ന് കൊണ്ടിരിക്കെ ഈ സംഘം വടിയും പാരയും ചങ്ങലയുമായി വീണ്ടും വരികയും അക്രമം അഴിച്ച് വിടുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ മദ്‌റസ നടന്ന് കൊണ്ടിരിക്കെ നടത്തിയ അക്രമത്തില്‍ മദ്‌റസയിലെ കസേരകള്‍, പുസ്തകങ്ങള്‍,  രേഖകള്‍ എന്നിവ സംഘം നശിപ്പിക്കുകയും ചെയ്തു.  അക്രമത്തില്‍ ഇ കെ ഉസ്മാന്‍ ഹാറൂണ്‍ (23), വി അബ്ദുര്‍റഹ്്മാന്‍ (40) കെ ഉനൈസ് (33), ഇ കെ ജുമീര്‍ (35), കുഞ്ഞാലി (65), ജാബിര്‍ സഖാഫി (26) എന്നിവര്‍ക്കു പരിക്കേറ്റു. പോലീസെത്തിയാണ് അക്രമി സംഘത്തെ പിന്തിരിപ്പിച്ചത്. റംസാന് മുമ്പ് ഒരു പൊതുയോഗം സംഘടിപ്പിക്കുകയും പ്രശ്‌നമുണ്ടാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആസൂത്രിതമായി നടത്തിയ അക്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട്   പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംഭവ സ്ഥലത്ത് വന്നു അന്വേഷിച്ചാല്‍ യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതാണെന്നും   മദ്രസ പ്രസിഡന്റ് അഡ്വ ഇ കെ മുസ്തഫ സഖാഫി, സെക്രട്ടറി ഇ കെ ഉമറുല്‍ ഫാറൂഖ് നൂറാനി എന്നിവര്‍  അറിയിച്ചു.
Next Story

RELATED STORIES

Share it