Life Style

ഗള്‍ഫ് : കാലം മാറി,കോഴ്‌സുകളും മാറിയേ തീരൂ

ഗള്‍ഫ് : കാലം മാറി,കോഴ്‌സുകളും മാറിയേ തീരൂ
X
SaudiWorkers1

IMTHIHAN-SLUG-352x300സ്വന്തം നാട്ടില്‍ നല്ലൊരു  ജോലി ഉറപ്പാക്കാനാവാത്ത  ഇക്കാലത്ത് ഏതൊരു ശരാശരി മലയാളി ചെറുപ്പക്കാരന്റെയും കുടുബങ്ങളുടെയും സ്വപ്‌നം എത്രയും പെട്ടെന്ന് വിദേശത്ത് നല്ലൊരു ജോലി ലഭിക്കുക,അതു വഴി കുടുംബം രക്ഷപ്പെടുത്തുക എന്നതായിരിക്കും. മലയാളി ചെറുപ്പക്കാരുടേയും രക്ഷിതാക്കളുടേയും ഈ ആഗ്രഹത്തെ ചൂഷണം ചെയ്യാന്‍ നിരവധി സ്ഥാപനങ്ങള്‍ വ്യത്യസ്ത കോഴ്‌സുകളുമായി രംഗപ്രവേശം ചെയ്യാറുണ്ട്.

ഇവയില്‍ മിക്ക പങ്കും മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ട്രാവല്‍ ആന്റ് ടൂറിസം, അക്കൗണ്ടിംഗ പോലുളള കോഴ്‌സുകളാണ്. ഒരു കാലഘട്ടത്തില്‍ ഇത്തരം  കോഴ്‌സുകള്‍ ഒരു പാടു പേര്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന്നതും വാസ്തവമാണ്.
എന്നാല്‍ നമ്മുടെ തൊഴില്‍ ദാതാക്കളായ വിദേശ രാജ്യങ്ങളിലെ പ്രത്യേകിച്ചും ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാഹചര്യങ്ങള്‍ വമ്പിച്ച മാറ്റങ്ങള്‍ക്കു വിധേയമായത് നാം കാണാതിരുന്നു കൂടാ. എണ്ണ വിലയിടിവിനെതുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധി ഈ രാജ്യങ്ങളില്‍ രൂക്ഷമാണ്. മാത്രവുമല്ല തദ്ദേശീയരായ യുവാക്കളിലെ തൊഴിലില്ലായ്മയും.

പ്രതിലോമകരമായ ഈ സാഹചര്യത്തെ നേരിടാന്‍ പ്രസ്തുത രാജ്യങ്ങള്‍ തീവ്ര ശ്രമത്തിലാണ്. അതു കൊണ്ടു തന്നെ തൊഴില്‍ വിപണിയില്‍ തദ്ദേശീയ മനുഷ്യ വിഭവ ശേഷിയെ പരമാവധി ഉപയോഗിക്കാനുളള ശ്രമത്തിലാണ് കേരളീയരുടെ മുഖ്യ തൊഴില്‍ ദാതാവായ സൗദി ഉള്‍പ്പെടെയുളള രാജ്യങ്ങള്‍. സ്വാഭാവികമായും വൈറ്റ് കോളര്‍ ജോലികളോടും സാങ്കേതിക രംഗത്തെ അവസരങ്ങളോടും ആണ് അവിടത്തെ യുവാക്കള്‍ക്കു താല്‍പര്യം.
ഈ സാഹചര്യത്തില്‍ ഗള്‍ഫില്‍ പോകാന്‍ ഉദ്ദേശിക്കുന്ന യുവാക്കള്‍ ഇത്തരം പരമ്പരാഗത കോഴ്‌സുകളില്‍ മേലിലും ചേരുന്നത് വലിയ പ്രയോജനം ലഭിക്കാനിടയില്ല. എന്നാല്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ എല്ലാം അസ്തമിച്ചു എന്നു കരുതി നിരാശപ്പെടേണ്ടതുമില്ല. ഏതു പ്രതികൂല സാഹചര്യത്തെയും തനിക്കനുകൂലമായി ഉപയോഗപ്പെടുത്താനുളള മലയാളിയുടെ കഴിവാണ് അവനെ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തി ജീവിത വിജയം കൊയ്യാന്‍ പ്രാപ്തനാക്കിയതെന്നു നമുക്കറിയാമല്ലോ.

സമ്പദ് വ്യവസ്ഥക്കു മേലുളള എണ്ണയുടെ അമിത സ്വാധീനം കുറക്കുന്നതിനായി സാമ്പത്തിക രംഗത്തിന്റെ വൈവിധ്യവല്‍ക്കരണത്തിനായി വിവിധ പദ്ധതികള്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ പെട്ടതാണ് ഭക്ഷ്യ മേഖലയുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷിക്കുലഭിക്കുന്ന വമ്പിച്ച പ്രോത്സാഹനം. കൃഷി കൊണ്ടുദ്ദേശിക്കുന്നത് പരമ്പരാഗത ഈത്തപന കൃഷി മാത്രമല്ല. വിവിധയിനം വിളകളും പക്ഷി-മൃഗാദികളും മല്‍സ്യം വളര്‍ത്തലുമെല്ലാം ഉള്‍പ്പെട്ട സമഗ്രമായ കൃഷിയാണ്. സര്‍ക്കാറുകള്‍ ഈ രംഗത്ത് വന്‍ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ തദ്ദേശീയരായ യുവാക്കള്‍ ഇപ്പോഴും ഈ രംഗത്തേക്ക് വേണ്ട രീതിയില്‍ കടന്നു വരാന്‍ മടിക്കുകയാണ്.

പൊതുവെ പാകിസ്താന്‍ പോലുളള രാജ്യങ്ങളിലുളളവരാണ് ഈ മേഖലയില്‍ ഏറെയും. മലയാളികളാവട്ടെ ഈ രംഗങ്ങളെ നിവൃത്തിയുണ്ടെങ്കില്‍ പരിഗണിക്കാറുമില്ല. എന്നാല്‍  വിവിധ സര്‍വകലാശാലകള്‍ നല്‍കുന്ന അഗ്രികള്‍ച്ചറല്‍-വെറ്റിനറി ബിരുദങ്ങള്‍ക്ക് പുറമെ വൊക്കേഷണല്‍ കോഴ്‌സുകളിലൂടെയും പൊതു-സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന ഡിപ്ലോമകള്‍ വഴിയും ഈ രംഗത്ത് പ്രവീണ്യം നേടുന്ന പക്ഷം ആ ഒഴിവുകളില്‍ കയറിപ്പറ്റാനും മലയാളിയുടെ പാരമ്പര്യം നിലനിര്‍ത്തി കൊണ്ട് ശോഭിക്കാനും നമ്മുടെ കുട്ടികള്‍ക്ക് സാധിക്കും. കൃഷിയുടെ നിര്‍മ്മലത ആസ്വദിച്ചു കൊണ്ട് നല്ല പ്രതിഫലം പറ്റുകയും ചെയ്യാം.
Next Story

RELATED STORIES

Share it