Gulf

ഗള്‍ഫ് കപ്പ് ക്രിക്കറ്റ്; ഖത്തര്‍ നിര്‍ദേശത്തിന് പിന്തുണ

ദോഹ: ജിസിസി രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗള്‍ഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താനുള്ള ഖത്തര്‍ നിര്‍ദേശത്തിന് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) പിന്തുണ. മേഖലാ തല ടൂര്‍ണമെന്റിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഐസിസി അറിയിച്ചു.
ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍(ക്യുസിഎ) മുന്നോട്ടു വച്ച നിര്‍ദേശത്തിന് അയല്‍രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്.
ദുബയില്‍ നടന്ന അസോസിയേറ്റ്‌സ് ആന്റ് അഫിലിയേറ്റ്‌സ് അംഗങ്ങളുടെ യോഗത്തിലാണ് ക്യുസിഎ ഈ ശുപാര്‍ശ വച്ചത്. നിര്‍ദേശത്തെ ഐസിസി സ്വാഗതം ചെയ്തതായി ക്യുസിഎ സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അഹ്മദ് പറഞ്ഞു.
ഈ നിര്‍ദേശത്തിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അനുകൂല മറുപടിയാണ് ലഭിച്ചതെന്നും സ്ഥലവും തിയ്യതിയും നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സപ്തംബറില്‍ നടക്കാനിരിക്കുന്ന അണ്ടര്‍-19 മേഖലാ ടൂര്‍ണമെന്റില്‍ ഖത്തര്‍ ശക്തമായ ടീമിനെ രംഗത്തിറക്കുമെന്ന് ക്യുസിഎ പ്രസിഡന്റ് എം എ ഷാഹിദ് പറഞ്ഞു.
10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ സ്ഥലം തീരുമാനിച്ചിട്ടില്ല. ഇതിലെ വിജയികള്‍ക്ക് 2017ലെ ഏഷ്യാ കപ്പില്‍ പങ്കെടുക്കാമെന്നതിനാല്‍ ടൂര്‍ണമെന്റിന് പ്രധാന്യമുണ്ട്. ഏഷ്യാ കപ്പിലെ വിജയികളാണ് ഐസിസി വേള്‍ഡ് കപ്പ് അണ്ടര്‍-19 ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. അതിന് മുന്നോടിയായി പരിശീലന മാച്ചുകള്‍ സംഘടിപ്പിക്കും.
ഇന്ന് ഖത്തറും സൗദി അറേബ്യയും ദോഹയില്‍ സൗഹൃ മല്‍സരം സംഘടിപ്പിക്കുമെന്നും ക്യുസിഎ സെക്രട്ടറി ജനറല്‍ പറഞ്ഞു. ട്വന്റി മല്‍സരത്തില്‍ സൗദിക്കെതിരേ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. നാളെ വണ്‍ഡേ മാച്ചും ശനിയാഴ്ച മറ്റൊരു ട്വന്റി മല്‍സരവും കൂടി സൗദി ടീമിനെതിരേ നടക്കും.
ട്വന്റി മാച്ച് വൈകീട്ട് 6.30നാണ് ആരംഭിക്കുക. വണ്‍ഡേ മാച്ച് നാളെ ഉച്ചയ്ക്ക് 2ന് തുടങ്ങും.
Next Story

RELATED STORIES

Share it