ഗള്‍ഫില്‍ വീട്ടമ്മയെ കാണാതായി; ഇടനിലക്കാരന്‍ അറസ്റ്റില്‍

അടിമാലി: ഒരുമാസം മുമ്പ് ദമ്മാമിലേക്കു പോയ അടിമാലി കണിപറമ്പില്‍ ദിവാകരന്റെ ഭാര്യ സുജാത(48)യെ കാണാതായ പരാതിയില്‍ ട്രാവല്‍ ഏജന്‍സി ഇടനിലക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. സുജാതയെ ദമ്മാമിലേക്ക് കയറ്റിവിട്ട ഇടനിലക്കാരന്‍ ആലുവ ഈസ്റ്റ് വില്ലേജില്‍ എന്‍എഡി കരയില്‍ കുളിയാവീട്ടില്‍ പീര്‍ മുഹമ്മദി(50)നെയാണ് അടിമാലി എസ്‌ഐ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സി മുഖാന്തരം സുജാതയെ കഴിഞ്ഞ ഡിസംബര്‍ 11നാണ് പീര്‍ മുഹമ്മദ് നെടുമ്പാശ്ശേരി വഴി ദമ്മാമിലേക്ക് വിട്ടത്.
വീട്ടുജോലി വിസയാണ് സുജാതയ്ക്കു നല്‍കിയതെന്നാണ് പീര്‍ മുഹമ്മദ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ വിസിറ്റിങ് വിസയിലാണ് സുജാത ദമ്മാമില്‍ എത്തിയത്. ദമ്മാമിലെ എയര്‍പോര്‍ട്ടില്‍ സ്‌പോണ്‍സര്‍ എത്താതെവന്നപ്പോള്‍ സുജാത ബന്ധുക്കളെ വിളിച്ചിരുന്നു. തുടര്‍ന്ന് ഒരുദിവസത്തിനു ശേഷം അറബി എത്തി വീട്ടുജോലിക്കായി സുജാതയെ കൊണ്ടുപോവുകയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. രണ്ടുദിവസം ഫോണില്‍ വീട്ടിലേക്കു വിളിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം പിന്നീടു വിളിച്ചിട്ടില്ല.
ഇതോടെ ബന്ധുക്കള്‍ പീര്‍ മുഹമ്മദിനെ സമീപിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നു ബന്ധുക്കള്‍ പരാതിയുമായി അടിമാലി പോലിസിലെത്തി. പോലിസ് പീര്‍ മുഹമ്മദുമായി ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തില്ല. വിസ ഇടപാടിനെന്ന വ്യാജേനെ വിളിച്ചു വരുത്തി ഇയാളെ പിടികൂടുകയായിരുന്നു. അടിമാലി സ്വദേശിനി അഞ്ജലിയാണു സുജാതയെ പീര്‍ മുഹമ്മദിന് പരിചയപ്പെടുത്തിയത്.
Next Story

RELATED STORIES

Share it