Flash News

ഗള്‍ഫില്‍ ദുരിതത്തിലായ യുവതി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തില്‍ നാട്ടിലേക്ക് മടങ്ങി

ദമ്മാം: വീട്ടു ജോലിക്കായി അല്‍ ഹസയിലെത്തി ദുരിതത്തിലായ തിരുവനന്തപുരം പാലോട് സ്വദേശിനിയായ യുവതി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തില്‍ നാട്ടിലേക്ക് മടങ്ങി. നല്ല ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് വയസ്സായ സ്ത്രീയെ പരിചരിക്കുന്ന ജോലിയെന്ന് പറഞ്ഞാണ് ട്രാവല്‍ ഏജന്റ് വിസ നല്‍കിയത്. എന്നാല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിലെ മുഴുവന്‍ ജോലിയും ചെയ്യേണ്ടിവന്ന യുവതിക്ക് കൃത്യമായ ശമ്പളം പോലും ലഭിച്ചില്ല. ആറു മാസം ജോലി ചെയ്‌തെങ്കിലും മൂന്ന് മാസത്തെ വേതനം മാത്രമാണ് കിട്ടിയത്. തന്റെ കഷ്ടപ്പാടുകള്‍ യുവതി നാട്ടില്‍ അറിയിച്ചതോടെ ബന്ധുക്കള്‍ എംബസിക്കും കലക്ടര്‍ക്കും പോലിസിലും പരാതി നല്‍കി. തുടര്‍ന്ന് വിസ നല്‍കി വഞ്ചിച്ച ഏജന്റിനെ പോലിസ് പിടികൂടുകയും ചെയ്തു. ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് അല്‍ ഹസയിലെ നവയുഗം ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ് മൈനാഗപ്പള്ളി, ഹുസയ്ന്‍ കുന്നിക്കോട്, മണി മാര്‍ത്താണ്ഡം എന്നിവര്‍ യുവതിയുടെ സ്‌പോണ്‍സറുമായി സമവായ ചര്‍ച്ചകള്‍ നടത്തി. നാട്ടിലയക്കാന്‍ ആദ്യം വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്ന സ്‌പോണ്‍സര്‍ യുവതിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ തയ്യാറായി. കൂടാതെ ഒരു മാസത്തെ കുടിശ്ശിക ശമ്പളവും വിമാന ടിക്കറ്റും നല്‍കിയാണ് നാട്ടിലയച്ചത്.
Next Story

RELATED STORIES

Share it