Idukki local

ഗള്‍ഫില്‍ കോടികള്‍ തട്ടി മുങ്ങിയ മലയാളി പോലിസില്‍ കീഴടങ്ങി



അടിമാലി: ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് 3.25 കോടി തട്ടി മുങ്ങിയ മലയാളി പോലിസില്‍ കീഴടങ്ങി. ഇടുക്കി അടിമാലി കുരിശുപാറ ചെറുവാഴത്താട്ടം ജയപ്രസാദാ(36)ണ് അടിമാലി പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 2015 മുതല്‍ 2016 സപ്തംബര്‍ 16 വരെയുള്ള കാലയളവിലാണ് കമ്പിനിയില്‍ നിന്നു പലപ്പോഴായി പണം തട്ടിയെടുത്തത്. പണം തട്ടിപ്പിനെക്കുറിച്ചു സംശയം തോന്നിയ അധികൃതര്‍ സപ്തംബര്‍ 27ന് ജയപ്രസാദിനെ കമ്പനി ആസ്ഥാനത്തേക്കു വിളിപ്പിച്ചിരുന്നു. ഇതില്‍ അപകടം മണത്ത ജയപ്രസാദ് രണ്ട് മണിക്കൂറിനുള്ളില്‍ കുടുംബാംഗങ്ങളുമൊത്ത്  കേരളത്തിലേക്കു മുങ്ങി. തുടര്‍ന്ന് കമ്പനി കൊച്ചി റേഞ്ച് ഐജിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈയില്‍ അടിമാലി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഒളിവില്‍പോയ ഇയാള്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം തേടി.  അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. 2007 മുതല്‍ ദുബയില്‍ വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍പന നടത്തുന്ന ജര്‍മന്‍ കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റായി ജയപ്രസാദ് ജോലിചെയ്തു വരുകയായിരുന്നു.
Next Story

RELATED STORIES

Share it