thrissur local

ഗള്‍ഫിലെ ജോലി സംബന്ധിച്ചുള്ള തര്‍ക്കം; വ്യവസായിക്കു നേരെ ആക്രമണം

ചാവക്കാട്: ഗള്‍ഫിലെ ജോലി സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചക്കിടെ പ്രവാസി വ്യവസായിക്കു നേരെ ആക്രമണം. തലക്ക് സാരമായി പരിക്കേറ്റ കടപ്പുറം വട്ടേകാട് തോട്ടുങ്ങല്‍ അഷറഫി(48)നെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ഓടേയായിരുന്നു സംഭവം. അജ്മാനില്‍ ഫുഡ് വിതരണവും ഗ്രോസറിയും നടത്തി വരികയായിരുന്നു അഷറഫ്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കമ്പനി പൂട്ടി. ജോലിക്കാരായ 23 പേരേയും ശമ്പളം നല്‍കി പിരിച്ചു വിടുകയും ചെയ്തു. എന്നാല്‍, ഇവിടെ ജോലിക്കാരനായിരുന്ന ചേറ്റുവ സ്വദേശി നിയാസ് പിരിച്ചു വിട്ട കമ്പനിയില്‍ ജോലി ചെയ്തതിന് തനിക്ക് ഇനിയും തുക നല്‍കണമെന്നാവശ്യപ്പെട്ട് ഇടക്കിടെ തന്റെ വീട്ടിലെത്തി ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അഷറഫ് പറഞ്ഞു. ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ വീണ്ടും നിയാസ് ഭീഷണി മുഴക്കിയതോടെ അഷറഫ് കുന്നംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഈ പരാതിയെ തുടര്‍ന്ന് അഷറഫിന്റെ വട്ടേകാടുള്ള സുഹൃത്തിന്റെ വീട്ടില്‍ നിയാസും സഹോദരങ്ങളുമൊന്നിച്ച് മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനിടേയാണ് അഷറഫിന് മര്‍ദനമേറ്റത്. ഇരു കൂട്ടരും സംസാരിക്കുന്നതിനിടെ നിയാസിന്റെ സഹോദരന്‍ റിയാസ് മടിയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് തന്റെ തലക്കിടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് അഷറഫ് പറഞ്ഞു. പിന്നീട് സംഘം കാറില്‍ രക്ഷപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ മധ്യസ്ഥ ചര്‍ച്ചക്കെത്തിയ മറ്റുള്ളവര്‍ അഷറഫിനെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചാവക്കാട് പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it