Gulf

ഗള്‍ഫിലെ കമ്പനികള്‍ തൊഴിലാളി ക്ഷേമത്തിന് പുതിയ ചട്ടം ഉണ്ടാക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികള്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പുതിയ നിയമാവലി രൂപീകരിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്.
തങ്ങളുടെ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുന്നതു വരെ കമ്പനികള്‍ കാത്തിരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട ഗൈഡ് ടു ഡൂയിങ് എത്തിക്കല്‍ ബിസിനസ് ഇന്‍ ദി ജിസിസി എന്ന 10 പേജ് വരുന്ന റിപോര്‍ട്ടില്‍ പറയുന്നു.
ജിസിസി രാജ്യങ്ങളില്‍ പലതിലും തൊഴിലാളികള്‍ മോശമായ തൊഴില്‍ സാഹചര്യം, ശമ്പളം കിട്ടാതിരിക്കുക, വൃത്തിഹീനമായ താമസ സ്ഥലം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് എച്ച്ആര്‍ഡബ്ല്യു പ്രസ്താവനയില്‍ പറയുന്നു.
പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറുന്നതും രാജ്യം വിടുന്നതും എളുപ്പമാക്കുന്ന നിയമ പരിഷ്‌കരണം 2016 ഡിസംബര്‍ 14ന് നിലവില്‍ വരുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് എച്ച് ആര്‍ ഡബ്ല്യുവിന്റെ പ്രസ്താവന.
തൊഴിലാളി ക്ഷേമത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാരെ നിര്‍ബന്ധിതമാക്കുന്ന രീതിയിലുള്ള വര്‍ക്കേഴ്‌സ് ചാര്‍ട്ടര്‍ നടപ്പാക്കിയ ഖത്തറിലെ സ്ഥാപനങ്ങളെ എച്ച്ആര്‍ഡബ്ല്യു അഭിനന്ദിച്ചു.
ഖത്തര്‍ ഫൗണ്ടേഷന്‍, 2022 ലോക കപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണ ചുമതലയുള്ള സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഉള്‍പ്പെടെയുള്ളവ ഇത്തരം ചാര്‍ട്ടര്‍ നടപ്പാക്കിയ സ്ഥാപനങ്ങളാണ്. മറ്റ് സ്ഥാപനങ്ങളും കമ്പനികളും ഈ പാത പിന്തുടരണമെന്ന് എച്ച്ആര്‍ഡബ്ല്യു നിര്‍ദേശിച്ചു. തങ്ങളുടെ തൊഴിലാളികളുടെ ക്ഷേമത്തില്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കണമെന്ന് എച്ച്ആര്‍ഡബ്ല്യു നിര്‍ദേശിച്ചു.
റിക്രൂട്ടിങ് ചെലവ് വഹിക്കുക, തൊഴിലാളികള്‍ക്ക് തങ്ങളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കാന്‍ പറ്റുന്ന രീതിയിലുള്ള സുരക്ഷിത സംവിധാനങ്ങള്‍ നല്‍കുക, ശമ്പളം നിശ്ചിത സമയത്ത് പൂര്‍ണമായും നല്‍കുക, ഓവര്‍ടൈമിന് കൂലി ഏര്‍പ്പെടുത്തുക, മാന്യമായ താമസ സൗകര്യമൊരുക്കുക, തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനുള്ള സംവിധാനമൊരുക്കുക തുടങ്ങിയ ശുപാര്‍ശകളാണ് എച്ച്ആര്‍ഡബ്ല്യു മുന്നോട്ടു വച്ചത്.
ഇക്കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നത് നിരീക്ഷിക്കാന്‍ മൂന്നാം കക്ഷിയെ നിയോഗിക്കണമെന്നും എച്ച്ആര്‍ഡബ്ല്യു മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ സാറ ലീ വിറ്റ്‌സണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it