palakkad local

ഗര്‍ഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം; അധികൃതര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

പാലക്കാട്: വാഹനമെത്തുന്ന റോഡില്ലാത്തതിനാല്‍ പൂര്‍ണ ഗര്‍ഭിണിയെ മുളയില്‍ സാരി കെട്ടിയുണ്ടാക്കിയ മഞ്ചലില്‍ ഏഴുകിലോമീറ്റര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അധികൃതര്‍ക്ക് നോട്ടിസയച്ചു.
ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഐടിഡിപി പ്രോജക്റ്റ് ഓഫിസര്‍,കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട്, പട്ടികവര്‍ഗ്ഗ വകുപ്പ് സെക്രട്ടറി എന്നിവര്‍ വിശദമായ അനേ്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു. നവജാത ശിശുക്കളുടെ മരണം നിരന്തരമായി നടക്കുന്ന മേഖലയിലാണ് ദൗര്‍ഭാഗ്യകരമായ സംഭവവും ഉണ്ടായതെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു.
പട്ടികവര്‍ഗ്ഗങ്ങളുടെ വികസനത്തിന് കോടികണക്കിന് രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്നത്. ആദിവാസിക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ആമ്പുലന്‍സ് അടക്കമുള്ള സൗകര്യങ്ങളുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു. അട്ടപ്പാടിയിലെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുത്ത് പുതൂര്‍- ഇടവാണി റോഡ് നിര്‍മ്മാണത്തിന് തുക അനുവദിച്ചിട്ടും നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെന്ന് മനസിലാക്കുന്നതായി കമ്മീഷന്‍ കുറ്റപ്പെടുത്തി.
കോട്ടത്തറ ആശുപത്രിയിലെ ആമ്പുലന്‍സിന്റെ ഇന്നത്തെ അവസ്ഥയും പുതൂര്‍-ഇടവാണി റോഡിന്റെ നിര്‍മ്മാണ പുരോഗതിയും റിപ്പോര്‍ട്ടില്‍ വിശദമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it