Flash News

ഗര്‍ഭിണിയുടെയും മകന്റെയും കൊലപാതകം ; അവിഹിത ബന്ധം പുറത്തറിയുമെന്ന ഭയം കാരണം

ഗര്‍ഭിണിയുടെയും മകന്റെയും കൊലപാതകം ;  അവിഹിത ബന്ധം പുറത്തറിയുമെന്ന ഭയം കാരണം
X


പുത്തനത്താണി: കാടാമ്പുഴ തുവ്വപ്പാറയില്‍ പൂര്‍ണഗര്‍ഭിണിയും ഏഴു വയസ്സുള്ള മകനും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റിലായി. വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശി ചാലിയത്തൊടി ശരീഫി(38)നെയാണ് വളാഞ്ചേരി സിഐ കെ എം സുലൈമാന്‍, കല്‍പകഞ്ചേരി എസ്‌ഐ കെ ആര്‍  രജ്ഞിത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 25നാണ് തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി വലിയപീടിയേക്കല്‍ മരക്കാരിന്റെ മകള്‍ ഉമ്മുസല്‍മ (28), ഏക മകന്‍ മുഹമ്മദ് ദില്‍ഷാദ് (7), ദിവസങ്ങള്‍ മാത്രമായ ആണ്‍കുട്ടിയായ നവജാതശിശു എന്നിവരെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പഴക്കംചെന്ന മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച് കിടക്കുന്ന നിലയിലായിരുന്നു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: മൂന്ന് വര്‍ഷമായി  ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. കല്‍പ്പണിക്കാരനായ പ്രതി ഭര്‍ത്താവുമായി  പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസല്‍മയുടെ വീടുപണിക്ക് വന്നപ്പോഴാണ് അടുപ്പത്തിലാവുന്നത്. ഈ ബന്ധത്തില്‍ ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും പ്രസവശേഷം ശരീഫിനൊപ്പം താമസിക്കണമെന്ന് ഉമ്മുസല്‍മ നിര്‍ബന്ധം പിടിക്കുകയും ചെയ്തു. എന്നാല്‍, ഭാര്യയും മക്കളുമുള്ള ശരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയും എന്ന ഭയത്താല്‍ ഉമ്മുസല്‍മയെയും മകനെയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം 22നാണു കൊലപാതകം നടന്നത്. ആദ്യം ഉമ്മുസല്‍മയെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍വേണ്ടി ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയും വീട്ടിന്റെ വാതിലുകള്‍ പൂട്ടി ചാവി വലിച്ചെറിയുകയുമായിരുന്നു. കൊലപാതകത്തിനിടെ ഉമ്മുസല്‍മ പ്രസവിക്കുകയും ശുശ്രൂഷ ലഭിക്കാതെ നവജാത ശിശു മരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ ഇയാളെ തിങ്കളാഴ്ച രാത്രി കരിപ്പോളില്‍ വച്ചാണ് പോലിസ് പിടികൂടിയത്. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതി വലയിലായത്. മൊബൈല്‍ ഉപയോഗിക്കാത്ത പ്രതി മറ്റു ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണില്‍ നിന്നാണ് ഉമ്മുസല്‍മയെ വിളിച്ചിരുന്നത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്. ഇതിനിടെ കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. പുലര്‍ച്ചെ  കാടാമ്പുഴ സേറ്റഷനില്‍ ലോക്കപ്പിലെ ടൈല്‍സ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. എന്നാല്‍, ഇത് കണ്ടെത്തിയ പോലിസുകാര്‍ ഉടനെത്തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതിയെ ഇന്നലെ വൈകീട്ടോടെ  കൊലപാതകം നടന്ന വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. തിരൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it