ernakulam local

ഗര്‍ഭിണിയായ യുവതി കാറിടിച്ച് മരിച്ച സംഭവം : രോഷാകുലരായ ജനങ്ങള്‍ എംസി റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു



മൂവാറ്റുപുഴ: ഗര്‍ഭിണിയായ യുവതി കാറിടിച്ച് മരിച്ചതിനെ തുടര്‍ന്നു രോക്ഷാകുലരായ ജനങ്ങള്‍ എംസി റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു. മാലിദ്വീപ് സ്വദേശി അസം മുഹമ്മദിന്റെ ഭാര്യ ഐഷത്ത് റൈഹയാണ് ഇന്നലെ പുലര്‍ച്ചെ 12.30ഓടെ പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രിക്കു മുന്നിലുണ്ടായ അപകടത്തില്‍ ദാരുണമായി മരിച്ചത്. സംഭവമറിഞ്ഞതോടെ രാവിലെ മുതല്‍ അപകട സ്ഥലത്തേയ്ക്കു ജനങ്ങള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. രാവിലെ പത്തോടെ സ്ത്രീകളടക്കം നൂറു കണക്കിന് ജനം റോഡില്‍ കുത്തിയിരുന്നതോട എംസി റോഡ് നിശ്ചലമായി. പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന് പ്രതിഷേധത്തിലായിരുന്നു നാട്ടുകാര്‍. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം പേരുടെ ജീവനാണ് റോഡില്‍ പൊലിഞ്ഞത്. ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് മണ്ണൂര്‍ മുതല്‍ വാഴപ്പിള്ളി വരെയുള്ള എംസി റോഡില്‍ സംഭവിക്കുന്നത്. അപകടങ്ങളില്‍ പരിക്കേറ്റ നിരവധി പേരാണ് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്.ഇതേതുടര്‍ന്നു നാട്ടുകാര്‍ പലവട്ടം പരാതിപ്പെട്ടെങ്കിലും ഫലം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ആശുപത്രി ജീവനക്കാരായ സ്ത്രീകളടക്കം റോഡില്‍ പ്രതിഷേധത്തിനിറങ്ങിയത്. തുടര്‍ന്നു എസ്‌ഐ ജി എസ് മനുരാജിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പ്രശ്‌ന പരിഹാരത്തിനു ആദ്യം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടം ഒഴിവാക്കാന്‍ ഉന്നതരുടെ ഉറപ്പ് ലഭിച്ചാല്‍ മാത്രമെ പിന്മാറുകയുള്ളൂവെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഇതോടെ പോലിസും നിസഹായാവസ്തയിലായി. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വൈകുന്നേരം തന്നെ ചര്‍ച്ച നടത്തി വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ജനം പിരിഞ്ഞു പോയത്. ആര്‍ഡിഒ എം ജി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹബ് ഉള്‍പ്പെടെയുളളവ അപകടം പതിവായ സ്ഥലങ്ങളില്‍ സ്ഥാപിക്കുവാന്‍ തീരുമാനമായി. പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി എ ബഷീര്‍,ഡോ. എസ്‌സബൈന്‍, വിവിധ കക്ഷി നേതാക്കളായ കെ പി ഉമ്മര്‍,വി എം നവാസ്, വി എച്ച് ഷഫീക്ക്, കെ എച്ച് റഷീദ്, പോലിസ്, പിഡബ്ലുഡി ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it