malappuram local

ഗര്‍ഭിണിയായ ഭാര്യയെ മര്‍ദിച്ച് റോഡില്‍ ഉപേക്ഷിച്ച സംഭവം: അന്വേഷണം ഊര്‍ജിതം

പൊന്നാനി: ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ തള്ളിയ  സംഭവത്തില്‍ ഭര്‍ത്താവിനെ പിടികൂടാന്‍ പൊന്നാനി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടാത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ്  ഭര്‍ത്താവ് ഭാര്യയെ  ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ തള്ളിയത്.
ഇവര്‍ അരയ്ക്കുതാഴെ തളര്‍ന്ന് അവശനിലയിലായിരുന്നു. വിഷയം ഏറെ ഗൗരവമേറിയതായിട്ടും ഗര്‍ഭിണിയുടെ മൊഴിയെടുക്കാന്‍, പോലിസ് എത്തിയത് ഒരാഴ്ചയ്ക്കു ശേഷമാണ്.
സംഭവത്തില്‍ പ്രതിയായ യുവാവിനെ നാട്ടുകാര്‍ കൈമാറിയിട്ടും കേസെടുക്കാതെ വിട്ടയച്ച പൊന്നാനി പോലീിസ് ഇപ്പോള്‍ പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി.
അതേസമയം, മൊഴിയെടുക്കാന്‍ വൈകിയത് വനിതാ പോലിസ് ഇല്ലാത്തതിനാലെന്നാണ് പോലീസ് വിശദീകരണം. പ്രതിഷേധം കനത്തപ്പോള്‍ കഴിഞ്ഞ ദിവസമാണ്  കേസെടുത്തത്.കൊല്ലം പുനലൂര്‍ സ്വദേശിയായ ചെറുവിള പുത്തന്‍വീട്ടില്‍ ജറീന(19)യെ ആണ് ഗുരുതര പരുക്കുകളോടെ 19ന് നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശിയായ ഭര്‍ത്താവ് അബ്ദുല്‍ റാസിക്ക് റോഡില്‍വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ജറീനയുടെ പരാതിയില്‍ പറയുന്നു.നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയും ജറീന പരാതി നല്‍കുകയും ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും പോലിസ് മൊഴിയെടുക്കാന്‍ എത്താതിരുന്നതാണ് ഇപ്പോള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്.
എംഇഎസ് കോളജിന് സമീപത്ത് യുവതിയുടെ കുടുംബം താമസിക്കുന്ന വാടകവീട്ടില്‍നിന്ന് പൊന്നാനി പോലിസ് സ്‌റ്റേഷനു സമീപം വരെ ബൈക്കില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി.റോഡരികില്‍ അവശയായി കിടന്ന ജറീനയെ നാട്ടുകാര്‍ ആംബുലന്‍സ് വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവസ്ഥലത്തുതന്നെ നാട്ടുകാര്‍ റാസിക്കിനെ പോലീസിന് കൈമാറിയിരുന്നു.എന്നാല്‍ അപ്പോള്‍ പോലിസ് കേസെടുക്കാന്‍ പോലും തയ്യാറായില്ല.കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ തുടങ്ങിയ മര്‍ദനം ഗര്‍ഭിണിയായതിനു ശേഷം രൂക്ഷമാവുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കേസ് ഒതുക്കാനാണ് പോലീസ് തുടക്കംമുതല്‍ ശ്രമിച്ചതെന്ന് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it