Flash News

ഗര്‍ഭിണികള്‍ മാംസവും ലൈംഗികബന്ധവും ഒഴിവാക്കണമെന്ന് മന്ത്രാലയം



ന്യൂഡല്‍ഹി: ഗര്‍ഭകാലയളവില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ നിന്നും മാംസാഹാരം ഭക്ഷിക്കുന്നതില്‍ നിന്നും വിട്ടുനിന്നാല്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാവുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണത്തിനായി അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം പ്രസിദ്ധീകരിച്ച ലഘുലേഖയിലാണ് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത നിര്‍ദേശങ്ങളുള്ളത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞദിവസം ആരോഗ്യമന്ത്രി ശ്രീപദ് നായിക് ആണ് ലഘുലേഖ പ്രകാശനം ചെയ്തത്. ആയുഷ് മന്ത്രാലയത്തിനു വേണ്ടി സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്യുറോപ്പതിയാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. ലൈംഗികബന്ധത്തിനൊപ്പം ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്നും അകന്നുനില്‍ക്കണം. മഹാന്‍മാരുടെ ജീവചരിത്ര പുസ്തകങ്ങള്‍ ഈ സമയത്ത് വായിക്കുക. ശാന്തരായി ഇരിക്കുക. മുറിയില്‍ നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കുന്നത് ഗര്‍ഭസ്ഥ ശിശുവിനെ അനുകൂലമായി സ്വാധീനിക്കും. ചീത്ത കൂട്ടുകെട്ട് ഒഴിവാക്കുക, ആത്മീയചിന്തകളില്‍ മാത്രം വ്യാപൃതരാവുക  എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ഗര്‍ഭിണികള്‍ക്ക് ആയുഷ് മന്ത്രാലയം നല്‍കുന്നുണ്ട്.അതേസമയം, ഗര്‍ഭിണികള്‍ മാംസം കഴിക്കരുതെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്നുമുള്ള വാദത്തിന് ശാസ്ത്രീയാടിത്തറയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതീവ സങ്കീര്‍ണതകളുള്ള പ്രസവകേസുകളില്‍ മാത്രമെ സ്ത്രീരോഗവിദഗ്ധര്‍ ദമ്പതികളോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന നിര്‍ദേശം കൊടുക്കാറുള്ളൂ.
Next Story

RELATED STORIES

Share it