kannur local

ഗത്യന്തരമില്ലാതെ ബിജെപി സമരത്തിന്

കണ്ണൂര്‍: ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ദേശീയപാത അതോറിറ്റി അംഗീകാരം നല്‍കിയ കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപാസ് പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. ഈ ആവശ്യമുന്നയിച്ച് ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍നിന്ന് കണ്ണൂരിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് നയിക്കുന്ന മാര്‍ച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.
ബൈപാസ് രൂപരേഖ വിഷയത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും സിപിഎമ്മും രംഗത്തുണ്ട്. ദേശീയപാത അതോറിറ്റിയാണ് രൂപരേഖ നിര്‍ണയിക്കുന്നതെന്നും സ്ഥലമേറ്റെടുത്ത് നല്‍കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയെന്നുമാണ് സിപിഎമ്മിന്റെ വാദം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും രൂപരേഖ മാറ്റാന്‍ പറ്റില്ലെന്നറിയിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നുമാണ് ബിജെപിയുടെ മറുപടി. ഈ സാഹചര്യത്തിലാണ് സമരത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തുന്നതെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുക, സമരക്കാരുമായും ജനപ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുക, ബദല്‍ റോഡിനെക്കുറിച്ചുള്ള ആലോചനകള്‍ തയ്യാറാക്കുക എന്നിവയാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
Next Story

RELATED STORIES

Share it