Idukki local

ഗതാഗത പരിഷ്‌കാരം പുനക്രമീകരിച്ചു; കടുംപിടിത്തം ഉപേക്ഷിച്ച് നഗരസഭ

തൊടുപുഴ: ഗതാഗത പരിഷ്‌കാരത്തിനെതിരായ ബസ് ജീവനക്കാരുടേയും മറ്റും ശക്തമായ പ്രതിഷേധം ഫലം കണ്ടു.നഗരത്തിലെ ഗതാഗത പരിഷ്‌കാരം പുനര്‍ക്രമീകരിക്കാന്‍ ഗതാഗത ഉപദേശക സമിതി തീരുമാനിച്ചു.പുതിയ തീരുമാന പ്രകാരം തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ മൂവാറ്റുപുഴയില്‍ നിന്നും ആനക്കൂട് കവല വഴി പ്രസ് ക്ലബ് മുന്‍പിലൂടെ പുളിമൂട് ജംഗ്ഷനിലെത്തി ജിനദേവന്‍ റോഡു വഴി കാഞ്ഞിരമറ്റം ബൈപാസ് ജംഗ്ഷനിലൂടെ വിമലാലയം റോഡുവഴി മങ്ങാട്ടുകവല സ്റ്റാന്റിലെത്തണം.
ഇവിടെ നിന്നും തിരികെ വിമലാലയം റോഡു വഴി മൂപ്പില്‍കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെത്തണം. മൂവാറ്റുപുഴ ഭാഗത്തു നിന്നെത്തുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടയുള്ള എല്ലാ ദീര്‍ഘ ദൂര ബസുകളും വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ നിന്ന് നാലുവരി പാതയിലൂടെ മങ്ങാട്ടുകവലയില്‍ ബസ് സ്റ്റാന്‍ഡിലെത്തണം. തുടര്‍ന്നു സ്വകാര്യ ബസുകള്‍ വിമലാലയം റോഡു വഴി മൂപ്പില്‍ കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെത്തണം. കെഎസ്ആര്‍ടിസി ബസുകള്‍ മങ്ങാട്ടുകവലയില്‍ നിന്നും വിമലാലയം റോഡു വഴി കാഞ്ഞിരമറ്റം ബൈപാസ് ജംഗ്ഷനിലെത്തി ജിനദേവന്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
മറ്റു കാര്യങ്ങളില്‍ അടുത്ത മാസം ചേരുന്ന ഉപദേശക സമിതി യോഗത്തില്‍ തീരുമാനം എടുക്കാനും ധാരണയായി. മൂവാറ്റുപുഴ ഭാഗത്തു നിന്നുള്ള സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ നിന്ന് നാലുവരി പാതയിലൂടെ മങ്ങാട്ടുകവല മുനിസിപ്പല്‍ സ്റ്റാന്റിലെത്തി മാര്‍ക്കറ്റ് റോഡിലൂടെ പുളിമൂട് ജംഗ്ഷനിലെത്തി ജിനദേവന്‍ റോഡുവഴി മൂപ്പില്‍ കടവ് പാലം കടന്ന് കോതായിക്കുന്ന് സ്റ്റാന്റിലെത്താനായിരുന്നു കഴിഞ്ഞ ആറിനു ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വാകാര്യ ബസുകള്‍ രണ്ടു ദിവസം പണിമുടക്ക് നടത്തി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനത്തെ അനുകൂലിച്ചു പ്രതികൂലിച്ചും പലരും യോഗത്തില്‍ രംഗത്തെത്തിയിരുന്നു.
വാശി പിടിച്ചും വ്യക്തി താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലും യോഗ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഉചിതമാകുകയില്ലെന്ന് യോഗത്തില്‍ ടി ആര്‍ സോമന്‍ വ്യക്തമാക്കി. ശാസ്ത്രീയമായ പരിഹാരമാണ് പരിഷ്‌കരണത്തില്‍ അവലംബിക്കേണ്ടത്. അതല്ലെങ്കില്‍ നഗരത്തിലെ തിരക്ക് കൂട്ടാനേ സഹായകമാകൂ.
മങ്ങാട്ടുകവലിലെ ബസ് സ്റ്റാന്‍ഡ് സജീവമാക്കി നില നിര്‍ത്തി ബസ് ജീവനക്കാര്‍ക്കും സഹായകരമായ രീതിയില്‍ തീരുമാനങ്ങളെടുക്കണമെന്നും സോമന്‍ വ്യക്തമാക്കി. വൈക്കം, കൂത്താട്ടുകുളം, പാലാ, മണക്കാട് ഭാഗത്തേയ്ക്കുള്ള ബസുകള്‍ മങ്ങാട്ടുകല സ്റ്റാന്റില്‍ നിന്നും ഓപ്പറേറ്റു ചെയ്യാന്‍ കഴിഞ്ഞ ആറിനു ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഈ ബസുകള്‍ മങ്ങാട്ടുകവലയില്‍ നിന്നും മാര്‍ക്കറ്റ് റോഡിലൂടെ പുളിമൂട്ടില്‍ ജങ്ഷനിലെത്തി പോലിസ് സ്‌റ്റേഷന്റെ മുന്‍പിലൂടെ പഴയപാലം കടന്ന് ഗാന്ധി സ്‌ക്വയറിലെത്തി മത്സ്യമാര്‍ക്കറ്റ് റോഡ് (വഴിത്തല ഭാസ്‌ക്കരന്‍ റോഡ്) വഴി കോതായിക്കുന്ന് സ്റ്റാന്റിലെത്താനും തീരുമാനിച്ചിരുന്നു. ഇതു നടപ്പാക്കാത്ത സാഹചര്യത്തില്‍ അടുത്ത മാസം ചേരുന്ന യോഗത്തില്‍ തീരുമാനം എടുക്കാനും ധാരണയായി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബാര്‍ അധ്യക്ഷത വഹിച്ചു. പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കെ എം ബാബു,ജാഫര്‍ഖാന്‍ മുഹമ്മദ്,പി പി ജോയി,സഞ്ജു ,അഡ്വ ജോസഫ് ജോണ്‍,രമേശ്,തൂഫാന്‍ തോമസ്,ആര്‍ ഹരി സംബന്ധിച്ചു.
Next Story

RELATED STORIES

Share it