ernakulam local

ഗതാഗത പരിഷ്‌കാരം: എംഎല്‍എയും ചെയര്‍പേഴ്‌സണും ഇന്ന് എസ്പിയെ കാണും

ആലുവ: നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കാരത്തിനെതിരേ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ചര്‍ച്ചകള്‍ക്കൊരുങ്ങി അന്‍വര്‍ സാദത്ത് എംഎല്‍എയും നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം. ഇന്ന് ഉച്ചയ്ക്ക് 12ന് റൂറല്‍ എസ്പിയെ കണ്ട് ഇവര്‍ ചര്‍ച്ച നടത്തും.
ആലുവ നഗരത്തില്‍ ഒരാഴ്ചയിലേറെയായി തുടരുന്ന റൗണ്ട് ട്രാഫിക്ക് സംവിധാനത്തിനെതിരേ വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നാട്ടുകാരും കോണ്‍ഗ്രസ് ഒഴികെയുള്ള മുഴുവന്‍ രാഷ്ടീയ കക്ഷികളും മത സാമൂഹ്യ സംഘടനകളും ഒന്നടങ്കം പുതിയ പരിഷ്‌കാരത്തിനെതിരേ സമര രംഗത്തിറങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്ന് പോലിസ് രണ്ടുവട്ടം പരിഷ്‌കാര നടപടികളില്‍ നേരിയ ഇളവുകള്‍ അനുവദിച്ചു. എന്നാല്‍ ഈ ഇളവുകളൊന്നും തന്നെ നഗരത്തിന് ഗുണകരമല്ലാതായതിനാല്‍ പരിഷ്‌കാര നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി രൂപീകരിച്ച് സമര രംഗത്ത് ശക്തമാണ്.
ഹര്‍ത്താല്‍ സമരത്തിന് ശേഷം കൂടുതല്‍ ശക്തമായ സമരരംഗത്തിറങ്ങുവാനാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റേയും സംയുക്ത സമരസമിതിയുടേയും തീരുമാനം. ഇതിന്റെ ഭാഗമായി വ്യാപാരികളെ ഇരുട്ടിലാക്കുന്ന അധികൃതരുടെ നടപടിക്കെതിരേ വ്യാഴാഴ്ച നഗരത്തിലെ വ്യാപാരികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ വിളക്കുകള്‍ അണച്ച ശേഷം പ്രതിഷേധ ജ്വാല തെളിക്കും. നടപടിയില്ലാത്തപക്ഷം ട്രാഫിക് റെഗുലേറ്ററി ചെയര്‍പേഴ്‌സണ്‍ കൂടിയായ നഗരസഭാ ചെയര്‍ പേഴ്‌സണന്റെ ചേമ്പറിന് മുമ്പില്‍ 24 മണിക്കൂര്‍ ഉപവാസ സമരത്തിനും തീരുമാനമായിട്ടുണ്ട്.
ഈ ഘട്ടത്തിലാണ് ചര്‍ച്ചകള്‍ക്കൊന്നും ഇതുവരേയും തയ്യാറാവാതിരുന്ന ജനപ്രതിനിധികള്‍ റൂറല്‍ എസ്പിയെ നേരില്‍ കണ്ട് ട്രാഫിക് പരിഷ്‌കാര നടപടി പിന്‍വലിക്കുവാന്‍ ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന ഗതാഗത പരിഷ്‌കാര നടപടിക്കെതിരേ കോണ്‍ഗ്രസിനുള്ളിലും ശക്തമായ പ്രതിഷേധമുയര്‍ന്നതോടെയാണ് ജനപ്രതിനിധികള്‍ തങ്ങളുടെ നിലപാടുകള്‍ മാറ്റാന്‍ ഇടയാക്കിയത്. അതേസമയം നഗരത്തിലെ പുതിയ ഗതാഗത പരിഷ്‌കാര നടപടിക്കെതിരേ സിപിഎം നേതൃത്വത്തില്‍ സര്‍ക്കാരിലും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ന് ആലുവായിലെത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ സംയുക്ത സമരസമിതി ഭാരവാഹികള്‍ കാണും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും സംയുക്ത സമര സമിതിയും ഇന്ന് രാവിലെ 11ന് റൂറല്‍ എസ്പിയുമായി ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോ ടെ ജനങ്ങളെ കുരുക്കുന്ന പുതിയ പരിഷ്‌കാരം പിന്‍വലിക്കുവാന്‍ സാധ്യതയേറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it