kozhikode local

ഗതാഗത പരിഷ്‌കരണ നടപടികള്‍ കര്‍ശനമാക്കുന്നു

മുക്കം: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് പരിഷ്‌കരണ നടപടികള്‍ കര്‍ശനമാക്കാനൊരുക്കി നഗരസഭ. ഈ മാസം 23 മുതല്‍ തുടങ്ങുന്ന 29 ാമത് റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് നടപടി.
മുക്കത്ത് നടപ്പാക്കിയ ഗതാഗത  പരിഷ്‌കരണം വേണ്ടത്ര വിജയിക്കാത്ത  സാഹചര്യത്തിലാണ്  നടപടികള്‍ ശക്തമാക്കുന്നത്. കഴിഞ്ഞ ദിവസം  നഗരസഭയില്‍ നടന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗ തീരുമാനമനുസരിച്ചാണ് നടപടി. യോഗത്തില്‍ മുക്കം പോലിസ്, റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാഹനങ്ങള്‍ വണ്‍വേ തെറ്റിച്ച് ഓടുന്നതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് കാരണമാവുന്നത്. ഒപ്പം റോഡരികിലെ അനധികൃത പാര്‍ക്കിങും പ്രയാസം സൃഷ്ടിക്കുന്നു. ഫുട്പാത്തുകളിലെ കയ്യേറ്റങ്ങള്‍ക്കെതിരേ ഇനി കര്‍ശന നടപടി സ്വീകരിക്കും. നേരത്തെ നടപ്പാക്കിയ ട്രാഫിക് പരിഷ്‌ക്കരണത്തില്‍ പുതിയ സ്റ്റാന്റിലേക്കുള്ള ബസ്സുകള്‍ക്ക് വില്ലേജ് ഓഫിസിന് മുന്നില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു.എന്നാല്‍  ഇതിന്റെ മറവില്‍ പഴയ സ്റ്റാന്റിന് മുന്‍വശത്ത് ബസ് നിര്‍ത്തി ആളെയിറക്കുന്നതും കയറ്റുന്നതും കാരണം ഗതാഗത തടസ്സവും പതിവായി.
അത് കൊണ്ട് വില്ലേജ് ഓഫിസിന് മുന്‍വശത്തെ സ്റ്റോപ്പ് ഒഴിവാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇനി മുതല്‍ കെഡിസി ബാങ്കിന് മുന്‍വശത്തെ സ്‌റ്റോപ്പ് കഴിഞ്ഞാല്‍ പുതിയ സ്റ്റാന്റില്‍ മാത്രമേ ബസ്സുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കൂ. താല്‍കാലികമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പുതിയ സ്റ്റാന്റിന് സമീപം എരിക്കഞ്ചേരി ഭാഗത്ത് സൗകര്യമൊരുക്കിയതായി മുക്കം ടൗണ്‍ ഡിവിഷന്‍ കൗണ്‍സിലര്‍ മുക്കം വിജയന്‍ പറഞ്ഞു. അതിനിടെ മുക്കത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പേ പാര്‍ക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്ക് ബസ്സ്റ്റാന്റ് പരിസരത്തെ വയലില്‍ മമ്മദ് ഹാജി റോഡരികിലും മറ്റു വാഹനങ്ങള്‍ക്ക് പുതിയ ബസ് സ്റ്റാന്റിന് സമീപവുമാണ് പേപാര്‍ക്കിംഗ് സംവിധാനമൊരുക്കിയത്. മുക്കം നഗരസഭയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ സിസിടിവി കാമറ സംവിധാനം ഒരുക്കിയതായും നഗരസഭാധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it