ഗതാഗത നിയന്ത്രണത്തിന് ആളില്ലെന്ന് പോലിസ് മേധാവി

തിരുവനന്തപുരം: 1990ല്‍ ലഭ്യമായ പോലിസുകാര്‍ മാത്രമാണ് സംസ്ഥാനത്ത് ഗതാഗതം നിയന്ത്രിക്കുന്നതിന് ഇപ്പോഴുമുള്ളതെന്ന് സംസ്ഥാന പോലിസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഗതാഗതം നിയന്ത്രിക്കുന്ന പോലിസുകാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അംഗസംഖ്യ വര്‍ധിപ്പിച്ചിട്ടില്ല. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പോലിസ് നടപടിയെടുക്കുന്നില്ലെന്ന പരാതിയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ആവശ്യപ്പെട്ട റിപോര്‍ട്ടിലാണ് സംസ്ഥാന പോലിസ് മേധാവിയുടെ വിശദീകരണം.
1990ല്‍ കേരളത്തില്‍ ആറു ലക്ഷത്തോളം വാഹനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 2015ല്‍ ഇത് ഒരു കോടിയിലധികമായി. ഇതില്‍ 65 ശതമാനം ഇരുചക്ര വാഹനങ്ങളാണ്. ഇന്ത്യയില്‍ ശരാശരി ഒരു ചതുരശ്ര കിലോമീറ്ററില്‍ 48 വാഹനങ്ങളുള്ളപ്പോള്‍ കേരളത്തില്‍ ശരാശരി 248 വാഹനങ്ങളാണുള്ളത്. 2001ല്‍ നിന്ന് 2011ലെത്തിയപ്പോള്‍ ജനസംഖ്യാ വര്‍ധനവ് 16 ലക്ഷമായും വാഹനങ്ങളുടെ എണ്ണം 44 ലക്ഷമായും വര്‍ധിച്ച് ഒരു വാഹന വിസ്‌ഫോടനത്തിനു തന്നെ കേരളം സാക്ഷ്യം വഹിച്ചെന്നും പോലിസ് മേധാവി കമ്മീഷനെ അറിയിച്ചു.
2006 മുതല്‍ കേരളത്തിലെ വാഹനാപകടങ്ങള്‍ കാര്യമായ രീതിയില്‍ നിയന്ത്രിക്കാനായി. പുതിയ റോഡ് സുരക്ഷാ ബില്ല് നിയമമായി വരുമ്പോള്‍ അമിതവേഗം, മല്‍സര ഓട്ടം, അശ്രദ്ധമായ വാഹനം ഓടിക്കല്‍ എന്നിവ തടയാനാവുമെന്നും വിശദീകരണത്തില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ പി കെ രാജുവിന്റെ പരാതിയിലാണു നടപടി. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് കമ്മീഷന്‍ തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it