thrissur local

ഗതാഗതസംവിധാനം പരിഷ്‌കരിക്കാനുള്ള അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന്

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ബൈപാസിലെ നിലവിലുള്ള പടാകുളം, ചേരമാന്‍ പള്ളി എന്നിവിടങ്ങളിലെ സിഗ്നലുകള്‍ ഒഴിവാക്കി യു ടേണ്‍ നടപ്പിലാക്കി ഗതാഗത സംവിധാനം പരിഷ്‌കരിക്കാനുള്ള അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന് കര്‍മ്മസമിതി ആവശ്യപ്പെട്ടു.
സിഗ്നലുകളില്‍ നിലവിലുള്ള പോലിസ് നിരീക്ഷണം ശക്തിപ്പെടുത്തിയും കാമറകള്‍ സ്ഥാപിച്ചും വേഗത നിയന്ത്രണം നടത്തിയും അപകടങ്ങള്‍ ഒഴിവാക്കുന്നതിനു പകരം ഒരിക്കല്‍ പരീക്ഷിച്ച് പരാജയമെന്ന് ബോധ്യപ്പെട്ട യു ടേണ്‍ സമ്പ്രദായം വീണ്ടും ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കര്‍മ്മ സമിതി വിലയിരുത്തി. സിഗ്നലുകള്‍ ഒഴിവാക്കുന്നത് സൈക്കിള്‍ യാത്രക്കാരേയും കാല്‍നടക്കാരേയും വളരെയധികം പ്രതികൂലമായി ബാധിക്കുമെന്നും കൂടുതല്‍ ദൂരം ചുറ്റിസഞ്ചരിക്കുന്നതൊഴിവാക്കാന്‍ ബൈപാസ് മുറിച്ചുകടക്കാനുള്ള പ്രവണത വര്‍ധിക്കുമെന്നും അതിലൂടെ അപകടങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളേയും പ്രായമായവരേയും വളരെയേറെ ബുദ്ധിമുട്ടിക്കുന്ന ഈ തീരുമാനവുമായി മുന്നോട്ടുപോകരുതെന്നും ഇനിയുള്ള ഗതാഗത പരിഷ്‌ക്കാരങ്ങള്‍ സമഗ്രവും ശാസ്ത്രീയവുമായ പഠനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം മാത്രമേ നടപ്പാക്കാവൂ എന്നും കര്‍മ്മ സമിതി ആവശ്യപ്പെട്ടു. സിഗ്നലുകള്‍ അടച്ചുപൂട്ടി ജനങ്ങളെ പരീക്ഷണ വസ്തുക്കളാക്കിക്കൊണ്ട് അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടയിടാനുള്ള നീക്കമുണ്ടായാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുവാനും കര്‍മ്മ സമിതി തീരുമാനിച്ചു. യോഗത്തില്‍ ഡോ. വിനോദ്, ഡോ. കെ പി സുമേധന്‍, അഡ്വ. മുഹിയുദ്ദീന്‍, സുരേഷ്, അഡ്വ. അന്‍സാര്‍, മനോജ്, പ്രദീപ്, സലി പി ആര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it