Idukki local

ഗതാഗതക്കുരുക്ക് അഴിക്കാനാവാതെ തൊടുപുഴ നഗരം

തൊടുപുഴ: തൊടുപുഴ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവാതെ അധികൃതര്‍. അതേസമയം, ബൈപ്പാസ് റോഡുകള്‍ കാരക്ഷമമായി ഉപയോഗിക്കുന്നില്ലെന്ന വ്യക്തമായ സാഹചര്യത്തില്‍ പൊതുമരാമരത്ത് വകുപ്പിനോട് ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയിലെ ബൈപാസുകളും ഇടവഴികളും മറ്റും ഫലപ്രദമായി ഉപയോഗിക്കാത്ത സാഹചര്യമുണ്ട്. ഇത് ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നതിനാല്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടാനുള്ള പ്രമേയമാണ് കൗണ്‍സിലിന്റെ പരിഗണനയ്‌ക്കെത്തിയത്. അരുണിമ ധനേഷ്, രേണുക രാജശേഖരന്‍ എന്നിവരാണ് പ്രമേയം കൊണ്ടു വന്നത്. ഇക്കാര്യം പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള റോഡുകളില്‍  മുനിസിപ്പാലിറ്റി മുന്‍ കൈയെടുത്ത് ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനമായി. സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് തൊടുപുഴ നഗരസഭയിലെ മാലിന്യ സംസ്‌ക്കരണ സംവിധാനത്തില്‍ വിശദമായ പദ്ധതി രേഖ തയാറാക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് മാലിന്യ സംസ്‌ക്കരണം ഏര്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി പദ്ധതി രേഖ തയാറാക്കുന്നതിനായി ടെണ്ടര്‍ സമര്‍പ്പിച്ചരെ കൗണ്‍സില്‍ യോഗത്തില്‍ വിളിച്ചു വരുത്തി വിശദീകരണം തേടി. കഴിഞ്ഞ 21 നു ചേര്‍ന്ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ എറണാകുളം ഇരുമ്പനം, തൈക്കാട്, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള നാലു കമ്പനികളാണ് ടെണ്ടര്‍ സമര്‍പ്പിച്ചിരുന്നത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ടെണ്ടറുകള്‍ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.  ഇരുമ്പനം, ആലപ്പുഴ എന്നിവിടങ്ങളിലുള്ള കമ്പനികളുടെ പ്രതിനിധികള്‍ ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ പദ്ധതി രേഖ തയാറാക്കുന്നതിലെ സാങ്കേതികത്വം സംബന്ധിച്ച് വിശദീകരണ് നടത്തി. തുടര്‍ന്നു പദ്ധതി രേഖ തയാറാക്കാന്‍ അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുക്കാന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തി. പദ്ധതി രേഖ തയ്യാറാക്കുന്നതിന് കമ്പനിയുടെ പ്രവര്‍ത്തനം കൗണ്‍സിലിന്റെ പൂര്‍ണ മേല്‍നോട്ടത്തിലായിരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ടെണ്ടര്‍ പിടിച്ച ശേഷം പല പദ്ധതികളും കരാറുകാര്‍ അവതാളത്തിലാക്കിയ മുന്‍ അനുഭവങ്ങള്‍ മുഖവിലക്കെടുത്തായിരിക്കണം പദ്ധതി രേഖ തയാറാക്കേണ്ടതെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും ലൈസന്‍സ് പുതുക്കി നല്‍കേണ്ടന്ന് നഗരസഭ തീരുമാനിച്ചിരുന്നു. ഉറവിട മാലിന്യ സംസ്‌ക്കരണത്തിനാണ് നഗരസഭ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്‌ക്കരണം നടത്താന്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ നഗരസഭ മുന്‍കൈയെടുത്ത് മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയ ശേഷം പ്രത്യേക സമിതി രൂപീകരിച്ച ശേഷം തുടര്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ആര്‍ ഹരി, ബാബു പരമേശ്വരന്‍, പ്രഫ. ജെസി ആന്റണി, രാജീവ് പുഷ്പാംഗദന്‍, എ എം ഹാരിദ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it