Kottayam Local

ഗതാഗതക്കുരുക്കില്‍ നിന്ന് മുക്തിയില്ലാതെ വൈക്കം നഗരം



വൈക്കം: രൂക്ഷമായ ഗതാഗതക്കുരുക്കില്‍ നഗരത്തില്‍ എത്തുന്നവര്‍ വീര്‍പ്പുമുട്ടുമ്പോള്‍ പോലിസും വാഹന വകുപ്പും കാണിക്കുന്ന പിടിപ്പുകേട് വിവാദത്തിലേക്ക്. പടിഞ്ഞാറെനട മുതല്‍ ബോട്ട്‌ജെട്ടി വരെയുള്ള റോഡില്‍ അനുഭവപ്പെടുന്ന തിരക്ക് അതിരൂക്ഷമാണ്. ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ 15 മിനുട്ടോളം കുരുക്കില്‍ അകപ്പെടുന്നു. ബീച്ച്, ബോട്ട്‌ജെട്ടി, താലൂക്ക് ആശുപത്രി, കെടിഡിസി, റസ്റ്റ് ഹൗസ് എന്നിവിടങ്ങളിലേക്ക് പോവാന്‍ നൂറുകണക്കിനു സ്വകാര്യ വാഹനങ്ങളാണ് പടിഞ്ഞാറെനട വഴിയുള്ള റോഡിലൂടെ എത്തുന്നത്.  തിരക്ക് കുറക്കാന്‍ ആവിഷ്‌ക്കരിച്ച ട്രാഫിക് പരിഷ്‌കാരം കൊണ്ട് ഒരു ഗുണവും ഇതുവരെ ഉണ്ടായിട്ടില്ല. ട്രാഫിക് പരിഷ്‌കാരം നിലവില്‍ വന്നതോടെ പടിഞ്ഞാറെനട റോഡിലെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഡിവൈഎസ്പി, സിഐ, നിരവധി എസ്‌ഐമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായിരിക്കുന്ന ഗതാഗത പ്രശ്‌നങ്ങളോട് തികഞ്ഞ നിഷ്‌ക്രിയത്വമാണ് അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. പ്രശ്‌നം പിടിവിടുമ്പോള്‍ പോലിസുകാര്‍ കളത്തിലിറങ്ങാറുണ്ടെങ്കിലും ഇതെല്ലാം വഴിപാടായി മാറുന്നു. പോലിസ് കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചാല്‍ നഗരത്തിലെ എല്ലാ തരത്തിലുമുള്ള ഗതാഗത പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിനേക്കാളെല്ലാം പോലിസ് വിലകല്‍പിക്കുന്നത് വാഹനപരിശോധനയിലാണ്. നഗരം തിരക്കില്‍പ്പെട്ട് വലയുമ്പോള്‍ പോലിസുകാര്‍ വലിയകവല, ചാലപ്പറമ്പ്, ചേരുംചുവട്, തോട്ടുവക്കം ഭാഗങ്ങളില്‍ വാഹനപരിശോധന നടത്തി തടിതപ്പുന്നു. ഈ വിഷയത്തില്‍ വാഹനവകുപ്പും തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തുന്നത്. നഗരസഭയും ഇനിയെങ്കിലും വിഷയത്തില്‍ ഇടപെടണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. അഷ്ടമി അടുക്കുന്നതോടെ നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ കൂടുതല്‍ കലുഷിതമാവും. ഇവിടെയെല്ലാം ദീര്‍ഘവീക്ഷണത്തോടെയുള്ള ട്രാഫിക് പരിഷ്‌കാരങ്ങളാണ് ഉണ്ടാകേണ്ടത്. അല്ലാതെ ഒരു വിഭാഗത്തിനുവേണ്ടി മാത്രം നടപ്പിലാക്കുന്ന കാര്യങ്ങളൊന്നും ഒരു പ്രതിവിധിയും ഉണ്ടാക്കില്ല.
Next Story

RELATED STORIES

Share it