palakkad local

ഗതാഗതക്കുരുക്കില്‍ കുടുങ്ങി കൊല്ലങ്കോട്‌

കൊല്ലങ്കോട്:ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താനാകാതെ കുടുങ്ങി കൊല്ലങ്കോട്. മണ്ഡലമാസമായതോടെ അന്തര്‍ സംസ്ഥാന പാതയായ ഗോവിന്ദാപുരം മംഗലം പാതയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വര്‍ധനവും സ്‌കൂള്‍ ഓഫിസ് സമയങ്ങളിലെ വാഹനങ്ങളുടെ വരവുംകൂടെയാവുന്നതോടെ വീതി കുറഞ്ഞ കൊല്ലങ്കോട് ടൗണ്‍ ഗതാഗതകരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ഇരു ചക്രവാഹനവും ഓട്ടോറിക്ഷകളുടെ വര്‍ദ്ധനവും സ്‌കൂള്‍ സമയത്തു പോലും ടിപ്പര്‍ ടോറസ്സ് വാഹനങ്ങളുടെ ഓട്ടവും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.ഇതിന് പരിഹാരമായി ബൈപ്പാസ് എന്നത് നടപ്പിലാക്കാന്‍ കഴിയാത്തതും ഗതാഗതകുരുക്കിന് ആക്കം കൂട്ടുന്നു.കരുവിക്കൂട്ടുമരം മുതല്‍ വട്ടേക്കാട് വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം ബൈപാസിന് സര്‍വേ നടത്തിയെങ്കിലും കൊല്ലങ്കോട് വില്ലേജ് ഒന്ന്,രണ്ട് എലവഞ്ചേരി വില്ലേജുകളില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് കൃഷിഭൂമി നികത്തി വേണം ബൈപാസ് നിര്‍മിക്കാന്‍. നിലവില്‍ കൃഷിഭൂമി സംരക്ഷിക്കുക എന്ന നയം സര്‍ക്കാര്‍ എടുത്തതോടെ ബൈപാസ് നിര്‍മാണത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ പണികള്‍ക്ക് തടസമായി.ഇതോടെ ബൈപാസ് എന്ന സ്വപ്‌ന പദ്ധതി അകലെയായി.നിലവിലുള്ള പാതയുടെ ഇരുവശങ്ങളും വീതി കൂട്ടുന്നതിനായുള്ള സര്‍വ്വേ പൊതുമരാമത്ത് റോഡ് നിര്‍മാണ വിഭാഗം പൂര്‍ത്തിയാക്കി കഴിഞ്ഞെങ്കിലും ചന്തപ്പുര മുതല്‍ കോവിലകം മൊക്ക് വരെയുള്ള സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ബാക്കിയാണ്. മണ്ഡല മാസക്കാലം മുതല്‍ ജനുവരി മൂന്നാം തിയ്യതി വരെ കൊല്ലങ്കോട് ഹൃദയ ഭാഗത്തുള്ള പുലിക്കോട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും തുടങ്ങുന്ന നിരവധി ക്ഷേത്രങ്ങളുടെ അയ്യപ്പന്‍ വിളക്ക് ഉല്‍സവ തിരക്കും ദേശവിളക്കുകള്‍ ആറാട്ട് മറ്റു സാംസ്‌ക്കാരിക കമ്മിറ്റികളുടെ ഉല്‍സവങ്ങളുംഗതാഗതകുരുക്ക് വര്‍ധിപ്പിക്കും. പഞ്ചായത്ത്തലത്തില്‍ ട്രാഫിക് റെഗുലറ്റി കമ്മിറ്റി വിളിച്ച് ചേര്‍ത്ത് യുക്തമായ തീരുമാനത്തില്‍ എത്താത്ത പക്ഷം യാത്രക്കാര്‍ക്ക് മണിക്കൂറോളം ഗതഗാത കുരുക്കില്‍ കഴിയേണ്ടി വരും.ഗതാഗതം നിയന്ത്രിക്കാന്‍ പോലിസ് ഹോം ഗാര്‍ഡ് എന്നിവരുടെ സേവനം കാര്യക്ഷമാകാത്തതും കൂടുതല്‍ നേരം ബസുകള്‍ പാര്‍ക്ക് ചെയ്ത് ഇടുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നു.സ്‌കൂള്‍ സമയങ്ങളില്‍ കച്ചവട സ്ഥാപനങ്ങളില്‍ ചരക്കുകള്‍ കയറ്റിറക്കുകള്‍ നടത്തുന്നതും ഗതാഗത തടസത്തിനും കാരണമാകുന്നു.
Next Story

RELATED STORIES

Share it