thrissur local

ഗതാഗതകുരുക്ക്: മാളയില്‍ വണ്‍വേ വേണമെന്ന ആവശ്യം ശക്തം



മാളഃ മാള ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായില്ല. കുരുക്ക് ഒഴിവാക്കാന്‍ നേരത്തെ ടൗണില്‍ വണ്‍വേ സംവിധാനമുണ്ടായിരുന്നെങ്കിലും പിന്നീട് വാഹനങ്ങള്‍ വണ്‍വേ ലംഘിക്കുന്നത് പതിവായി. ഇത് കണ്ടെത്തി നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.അങ്കമാലി ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വണ്‍വേ നിലച്ചതെന്ന് ആക്ഷേപമുണ്ട്. വണ്‍വേ പുന:സ്ഥാപിക്കുന്നതിനു പഞ്ചായത്ത് സമവായത്തിനു ശ്രമം നടത്തിയെങ്കിലും യോജിപ്പിലെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പഞ്ചായത്ത് ശ്രമം ഉപേക്ഷിച്ചു. പൊതുമരാമത്ത് വകുപ്പ് സംസ്ഥാന പാതയെന്ന് പറയുന്ന കൊടകര-കൊടുങ്ങല്ലൂര്‍ പാതയില്‍ ഗതാഗതം ഇരുഭാഗത്തേക്കും അനുവദിക്കുകകയും, മറ്റു റോഡുകളില്‍ വണ്‍വേ നിലനിറുത്തുകയും വേണമെന്ന നിര്‍ദേശമാണു നടപ്പിലാക്കേണ്ടത്.മാള കെ കരുണാകരന്‍ റോഡ്, എ എം അലി മാസ്റ്റര്‍ റോസ്, തപാലാപ്പീസ് റോഡ് കൂടാതെ ഡേവീസ് പെരേപ്പാടന്‍ ലിങ്ക് റോഡ് എന്നിവയാണ് വണ്‍വേ നിലനിറുത്തേണ്ടവ. എം എം അലി മാസ്റ്റര്‍, തപാലാപ്പീസ് റോഡുകള്‍ എന്നിവ ഇനിയും കൃത്യമായ അളവില്‍ വീതി വര്‍ധിപ്പിച്ചിട്ടില്ല. റോഡുകള്‍ ഇടുക്കമുള്ളത് ബസ്സ് സര്‍വ്വീസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗതാഗത കുരുക്കഴിക്കുന്നതിന് റോഡിലേക്ക് തള്ളിനില്‍ക്കുന്ന വൈദ്യുതി കാലുകള്‍ നീക്കം ചെയ്യണം. കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാത നിര്‍മ്മാണം നടത്തണം. സമയബന്ധിതമായി റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നും ആവശ്യമുണ്ട്. കെ എസ് ആര്‍ ടി സി.മാള ഡിപ്പോയില്‍ നിന്നും 43 ഷെഡ്യൂളുകളാണ് സര്‍വ്വീസ് നടത്തുന്നത്. സ്വകാര്യ ബസ്സ് സ്റ്റാന്‍ഡില്‍ നൂറു കണക്കിന് ബസ്സുകള്‍ വേറേയും എത്തുന്നുണ്ട്. മാള പോലീസ് സി ഐ, പഞ്ചായത്ത് പ്രസിഡന്റ്, വ്യാപാരികള്‍ ,ബസ്സ് ജീവനക്കാരുടെ പ്രതിനിധികള്‍, പ്രസ്സ് ക്ലബ്ബ് തുടങ്ങി ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി വണ്‍വേ നടപ്പിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം, ഗതാഗത കുരുക്ക് രൂക്ഷമായ മാള ടൗണില്‍ കുരുക്കഴിയാന്‍ അധികൃതര്‍ ശ്രമം നടത്തുന്നതായി അറിയിച്ചു. ഒരേ സമയം ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടന്നു പോകാനാവാതെ ശ്വാസം മുട്ടുന്ന തപാലാപ്പീസ് റോഡ് വീതി വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായാണ് വിവരം.
Next Story

RELATED STORIES

Share it