ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദിച്ച സംഭവം: ഒത്തുതീര്‍പ്പാക്കാന്‍ ധാരണ

കൊല്ലം: തന്റെ കാര്‍ കടന്നുപോവാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് യുവാവിനെ അമ്മയുടെ മുന്നില്‍ വച്ച് ഗണേഷ് കുമാര്‍ എംഎല്‍എ കൈയേറ്റം ചെയ്തുവെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. പുനലൂര്‍ എന്‍എസ്എസ് ആസ്ഥാനത്തു വച്ച് നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് കേസിനു തീര്‍പ്പായത്.
ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള, ഗണേഷ് കുമാര്‍ എംഎല്‍എ, മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എന്‍എസ്എസ് നേതാക്കള്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഗണേഷ് കുമാര്‍ യുവാവിനോടും അമ്മയോടും മാപ്പു പറഞ്ഞതായാണ് വിവരം. അരുതാത്തത് സംഭവിച്ചെന്നും മാപ്പു നല്‍കണമെന്നും ഗണേഷ് കുമാര്‍ കുടുംബത്തോട് പറഞ്ഞു. എന്നാല്‍, ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗണേഷ് കുമാറോ പരാതിക്കാരോ തയ്യാറായില്ല.
അഞ്ചല്‍ അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ അനന്തകൃഷ്ണന്‍ മാതാവ് ഷീനയ്‌ക്കൊപ്പം 13ന് ഉച്ചയ്ക്ക് അഞ്ചല്‍ ശബരിഗിരി സ്‌കൂളിനു സമീപം ബന്ധുവിന്റെ മരണവീട്ടില്‍ നിന്നു മടങ്ങവെയാണ് മര്‍ദനമേറ്റത്. എതിരേ വന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിനെ കടന്നുപോവാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് അനന്തകൃഷ്ണനെ ഗണേഷ് കുമാറും ഡ്രൈവര്‍ ശാന്തനും മര്‍ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഷീനയെ ഗണേഷ് കുമാര്‍ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. അഞ്ചല്‍ പോലിസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ വൈകിയത് വിവാദമായി. പിന്നീട് ഷീന ചവറ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി.  ഈ ഘട്ടത്തിലാണ് ഒത്തുതീര്‍പ്പിന് ബാലകൃഷ്ണപിള്ള തന്നെ രംഗത്തിറങ്ങിയത്.
Next Story

RELATED STORIES

Share it