ഗണേഷ്‌കുമാറിനെതിരേ സിപിഎം നല്‍കിയ കേസ് പിന്‍വലിച്ചു

പത്തനാപുരം: കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ പത്തനാപുരത്ത് നടന്ന പൊതുസമ്മേളനത്തില്‍ വച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കാമഭ്രാന്തന്‍ എന്ന് വിളിച്ചാക്ഷേപിച്ച സംഭവത്തില്‍ സിപിഎം നല്‍കിയ കേസ് പിന്‍വലിച്ചു.

2011 നവംബര്‍ 27ന് പത്തനാപുരം മാര്‍ക്കറ്റ് ജങ്ഷനില്‍ വച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു അച്യുതാനന്ദനെ കാമഭ്രാന്ത്രന്‍ എന്ന് വിളിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ് സജീഷാണ് ഗണേഷിനെതിരേ അന്ന് പുനലൂര്‍ കോടതിയില്‍ ഹരജി നല്‍കിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായിരിക്കെ പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ വച്ചായിരുന്നു അച്യുതാനന്ദനെ ഗണേഷ് കടന്നാക്രമിച്ചത്. അച്യുതാനന്ദന് ഞരമ്പ് രോഗമാണന്നും കാമഭ്രാന്ത് ആണന്നുമാണ് ഗണേഷ് പറഞ്ഞത്. അന്ന് ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പിന്നീട് സംഭവത്തില്‍ ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിനെ പരസ്യമായി ആക്ഷേപിച്ചത് സിപിഎം മറക്കാന്‍ തയ്യാറായത്. ഇത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ചേരിതിരിവിനും ഇടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it