ഗണേശ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് മര്‍ദിച്ചെന്ന്

അഞ്ചല്‍(കൊല്ലം): എതിരേ വന്ന വാഹനം തന്റെ കാറിന് കടന്നു പോവാന്‍ സൈഡ് നല്‍കിയില്ലെന്ന കാരണത്തെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെ ത്തുടര്‍ന്ന് പത്തനാപുരം എംഎല്‍എയും മുന്‍ മന്ത്രിയുമായ കെബി ഗണേശ്കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ തല്ലി പരിക്കേല്‍പ്പിച്ചതായി പരാതി. ഒപ്പമുണ്ടായിരുന്ന മാതാവിനെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തതായി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അഞ്ചല്‍ പുലിയത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്റെ മകന്‍ അനന്തകൃഷ്ണന്‍ (23) ആണ് പരിക്കേറ്റ നിലയില്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ അഞ്ചലിന് സമീപം അഗസ്ത്യക്കോടായിരുന്നു സംഭവം. അവിടെയൊരു മരണവീട്ടില്‍ പോയ ശേഷം തിരികെ വരികയായിരുന്ന എംഎല്‍എയുടെ വാഹനത്തിന് എതിരേ മറ്റൊരു കാര്‍ വന്നതിനാല്‍ കടന്നു പോവാനുള്ള സ്ഥലസൗകര്യമില്ലായിരുന്നു. എംഎല്‍എയുടെ ഡ്രൈവര്‍ ഹെഡ് ലൈറ്റ് ഇട്ട് കാണിച്ചുവെങ്കിലും പിന്നോട്ടെടുക്കാനോ സൈഡ് കൊടുക്കാനോ ഇടമില്ലാത്തതിനാല്‍ എതിരേ വന്ന വാഹനം അവിടെ നിര്‍ത്തിയിട്ടു. ഇതില്‍ പ്രകോപിതനായ എംഎല്‍എ ആക്രോശിച്ചുകൊണ്ട് അനന്തകൃഷ്ണന്റെ കാറിന്റെ താക്കോല്‍ ബലമായി ഊരിയെടുക്കാന്‍ ശ്രമിച്ചുവെന്ന് അനന്തകൃഷ്ണന്റെ മാതാവ് ഷീന (48) പോലിസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് ഇരു വാഹനങ്ങള്‍ക്കും കടന്നുപോവാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
അതേസമയം മനപ്പൂര്‍വം വഴിതടഞ്ഞ് ആക്രമണത്തിന് ആസൂത്രണം നല്‍കിയെന്ന എംഎല്‍എയുടെ പരാതിയിലും അഞ്ചല്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it