Flash News

ഗഡ്ചിരോളി ഏറ്റുമുട്ടലല്ല, കൂട്ടക്കൊലയെന്ന് ആരോപണം

ഗഡ്ചിരോളി ഏറ്റുമുട്ടലല്ല, കൂട്ടക്കൊലയെന്ന് ആരോപണം
X


ന്യൂഡല്‍ഹി: രാജ്യത്തെ ഭരണകൂട കൊലപാതകങ്ങളുടെ ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏപ്രില്‍ 22നു മഹാരാഷ്ട്രയിലെ ഗാഡ്ചിറോലിയില്‍ നടന്ന മാവോവാദി വേട്ടയെന്ന് തെളിവുകള്‍. മഹാരാഷ്ട്രയിലെ ഗാഡ്ച്ചിറോളി ജില്ലയില്‍ രണ്ടിടങ്ങളില്‍ ആയി നടന്ന ഏറ്റുമുട്ടലില്‍ 40 മാവോവാദികള്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍. ജില്ലയിലെ തദ്ഗാവോണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കസാന്‍സുര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ച കാലത്ത് പത്തിനും പതിനൊന്നിനും ഇടയ്ക്കു ആരംഭിച്ച് ഉച്ചക്ക് ഒന്നര മണി വരെ നീണ്ട ഏറ്റുമുട്ടലില്‍ 16 ഓളം  മാവോവാദികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു  പോലീസ് ആദ്യം അറിയിച്ചത് . പിന്നീട് ഇന്ദ്രാവതി നദിയില്‍ മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തതിനു പിന്നാലെയാണ് 15 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. കസാന്‍സുര്‍ ഏറ്റുമുട്ടല്‍ നടന്നു 36 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഗാഡ്ചിറോളി ജില്ലയില്‍ തന്നെയുള്ള ജിംലാഗാട്ട പ്രദേശത്തു നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലില്‍ 6  മാവോവാദികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നത്്. ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങളില്‍ നിന്ന് ആകെ 40 പേര്‍ കൊല്ലപ്പെട്ടതായാണ് അറിയാന്‍ കഴിയുന്നത്.
കസാന്‍സുര്‍ ഗ്രാമത്തില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിന് എത്തിയ മാവോവാദി സംഘത്തെ വിവരമറിഞ്ഞെത്തിയ മഹാരാഷ്ട്ര സായുധ പോലീസ് വിഭാഗമായ എസ് 60 കമാന്‍ഡോകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 4 മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ ഒരു പോലീസുകാരനു പോലും പരിക്ക് പറ്റിയില്ല എന്നതാണ് വിചിത്രം. വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തില്‍ പോലീസ് വിഷം കലര്‍ത്തിയിരുന്നു എന്നും ഭക്ഷണം കഴിച്ചു മയക്കത്തിലായ മാവോവാദികളെ വെടിവച്ച് കൊലപ്പെടുത്തുകയാണ് ഉണ്ടായതെന്ന ആരോപണവും പുറത്തു വന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഗ്രാമീണരും ഉള്‍പ്പെട്ടിട്ടുള്ളതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്.
നാല് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാവോവാദി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൊന്നായ്ി പോലീസ് അവകാശപെടുന്ന ഗഡ്ചിറോളി ഏറ്റുമുട്ടലില്‍ പോലീസിന്റെ വിവരണം തികച്ചും അവിശ്വസനീയമാണ്. ഭീകരതയ്‌ക്കെതിരെയും, ദേശവിരുദ്ധര്‍ക്കെതിരെയും പോരാടുന്നെന്ന പേരില്‍ സര്‍ക്കാര്‍ പ്രാദേശ വാസികളെ ഉപദ്രവിക്കുന്നത് വര്‍ദ്ധിക്കുന്നു. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേല്‍പ്പിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയോഗിച്ച് വലിയ അപകടമുണ്ടാക്കും വിധം ഏകപക്ഷീയമായ ആക്രമണമാണ് നടത്തിയിരിക്കുന്നത്. തൊട്ട് പിന്നാലെ  26 ന് ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയില്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തില്‍ ഏഴ്  മാവോവാദികള്‍ കൊലചെയ്യപെട്ടിരുന്നു. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. ചത്തീസ്ഗഡില്‍ നിന്നും ഇപ്പോള്‍ വരുന്ന വാര്‍ത്തയനുസരിച്ച് സുക്മയില്‍ രണ്ടു മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്. അതില്‍ ഒരാളും സ്ത്രീയാണ്. ഇത്തരത്തിലുള്ള കൂട്ടക്കശാപ്പുകള്‍ സംഘര്‍ഷം മൂര്‍ച്ചിപ്പിക്കുകയും കൂടുതല്‍ രക്തച്ചൊരിച്ചിലിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കാന്‍  മാത്രമേ ഉതകൂ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ മേഖലയില്‍  മാവോവാദി വേട്ടയുടെ പേരില്‍ വ്യാപകമായ സൈനികവത്ക്കരണം നടക്കുന്നതായും കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വനവും ഭൂമിയും ജലവും പിടിച്ചെടുക്കുന്നതിനായുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ വ്യാപകമാവുന്നതും ഇതിനകം പുറത്തു വന്ന വസ്തുതകളാണ്.
Next Story

RELATED STORIES

Share it