Flash News

ഗംഗേശാനന്ദയെ ഹാജരാക്കിയില്ല ; പോലിസിനെ ശകാരിച്ച് കോടതി



തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമിയെന്ന ശ്രീഹരിയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ചവരുത്തിയ പോലിസിന് തിരുവനന്തപുരം പോക്‌സോ കോടതിയുടെ രൂക്ഷവിമര്‍ശനം. പോലിസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജഡ്ജി ടി കെ മിനിമോളുടെ വിമര്‍ശനം. പീഡനശ്രമത്തിനിടെ യുവതി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചുവെന്നാണു പരാതി. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി പോലിസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സ്വാമി ഇല്ലാതെയാണ് പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഇതാണു കോടതിയെ പ്രകോപിപ്പിച്ചത്. ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്നു കോടതി പോലിസിനോട് ചോദിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടും സ്വാമിയെ ഹാജരാക്കാന്‍ എന്താണു തടസ്സമെന്നും അന്വേഷണസംഘത്തോടു കോടതി ആരാഞ്ഞു. ഒരേസമയം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയും സ്വാമിയെ കോടതിയില്‍ ഹാജരാക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. ഇതേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പേട്ട സിഐ സുരേഷ്‌കുമാര്‍ വിശദീകരണം നല്‍കണം. സ്വാമിയെ കോടതിയില്‍ ഹാജരാക്കാതെ എങ്ങനെയാണ് കസ്റ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടുകയെന്നും കോടതി ചോദിച്ചു. എന്നാല്‍, സ്വാമി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണെന്നും അതിനാലാണു ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്നും പോലിസ് കോടതിയെ അറിയിച്ചു. പിന്നീട് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ സ്വാമിയെ രണ്ടുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. സംഭവസ്ഥലത്ത് പ്രതിയുടെ സാന്നിധ്യവും തെളിവെടുപ്പും ആവശ്യമായതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലിസിന്റെ ആവശ്യം. സ്വാമിക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാനും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. 15 വയസ്സ് മുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് സ്വാമിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
Next Story

RELATED STORIES

Share it