Flash News

ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി : അയ്യപ്പദാസിനെതിരേ പെണ്‍കുട്ടി പരാതി നല്‍കി ; നുണപരിശോധനയ്ക്ക് കോടതി നിര്‍ദേശം



തിരുവനന്തപുരം: ലൈംഗിക പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ കോടതി നിര്‍ദേശം. നാളെ പെണ്‍കുട്ടി നേരിട്ട് കോടതിയില്‍ ഹാജരാവണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി. അടിക്കടി മൊഴിമാറ്റം നടത്തുന്ന പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പോലിസ് ആവശ്യവും കോടതി അംഗീകരിച്ചു. പെണ്‍കുട്ടിയെ ബ്രെയിന്‍ മാപ്പിങ് പരിശോധന നടത്താനും കോടതി അനുവാദം നല്‍കി. ആരോഗ്യനില വഷളായതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സ്വാമിയുടെ അഭിഭാഷകന്റെ വാദം. ഒരാഴ്ചയ്ക്ക് ശേഷം മെഡിക്കല്‍ റിപോര്‍ട്ട് വന്നശേഷം ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പെണ്‍കുട്ടിയെ പണം കൊടുത്ത് സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമം നടക്കുന്നതായും പോലിസ് സംശയം ഉന്നയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണു ഗംഗേശാനന്ദയ്‌ക്കെതിരേ കേസെടുത്തത്. പോലിസ് നിര്‍ബന്ധിച്ചു സ്വാമിക്കെതിരേ മൊഴി പറയിപ്പിച്ചതാണെങ്കില്‍, മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ അക്കാര്യം വെളിപ്പെടുത്താന്‍ അവസാനവര്‍ഷ നിയമവിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടിക്ക് അവസരമുണ്ടായിരുന്നു. യുവതി വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് അയ്യപ്പദാസ് ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചതില്‍ നിലപാട് അറിയിക്കാനും കോടതി പോലിസിനോട് ആവശ്യപ്പെട്ടു. അതേസമയം,അയ്യപ്പദാസിനെതിരേ പെണ്‍കുട്ടി പേട്ട പോലിസില്‍ നേരിട്ടെത്തി പരാതി നല്‍കി. പലപ്പോഴായി അയ്യപ്പദാസ് 14 ലക്ഷം രൂപ തട്ടിച്ചു. വിവാഹ വാഗ്ദാനം നല്‍കി അയ്യപ്പദാസ് പീഡിപ്പിച്ചതായും പെണ്‍കുട്ടി ആരോപിച്ചു. പുതിയ വെളിപ്പെടുത്തലും മൊഴിമാറ്റവുമായി കേസ് ഓരോ ദിവസവും മാറിമറിയുമ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം.
Next Story

RELATED STORIES

Share it