Flash News

ഗംഗാനദി മലിനമാക്കല്‍ കുറ്റകൃത്യമാക്കും



ന്യൂഡല്‍ഹി: ഗംഗാനദി മലിനമാക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കണമെന്ന് ശുപാര്‍ശ. നദി മലിനമാക്കുന്നവര്‍ക്ക് ഏഴുവര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് ഗിരിധര്‍ മാളവ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ശുപാര്‍ശ ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഗംഗ ദേശീയ നദി ബില്ല് 2017ല്‍ ഈ ശുപാര്‍ശകള്‍ പ്രാബല്യത്തിലാക്കാനാണ് നീക്കം. ഗംഗാനദിയില്‍ നിന്നുള്ള മണല്‍വാരല്‍, മല്‍സ്യബന്ധനം തുടങ്ങിയവ കര്‍ശനമായും നിരോധിക്കാന്‍ ബില്ലിന്റെ കരട് നിര്‍ദേശിക്കുന്നു. നദിയിലെ വെള്ളം മലിനമാക്കുക, ജലപ്രവാഹം തടയുന്ന തരത്തിലുള്ള നിര്‍മാണങ്ങള്‍ നടത്തുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാതെ ബോട്ട് ജെട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയമലംഘനത്തിന്റെ പട്ടികയില്‍ വരും. നദിയൊഴുക്ക് തടസ്സപ്പെടുത്തുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കാണ് 100 കോടി രൂപ പിഴയീടാക്കുക. ഗംഗാനദിയെ ജീവനുള്ളതായി കണക്കാക്കണമെന്നും ഒരു വ്യക്തിയുടെ പദവിയാണ് ഗംഗാനദിക്കെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നദീസംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് നിയമനിര്‍മാണം നടത്തുന്നത്. ഗംഗാനദിയില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെയുള്ള പോഷകനദികള്‍ അടക്കമുള്ള പ്രദേശങ്ങള്‍ 'ജലസംരക്ഷിത മേഖല'യായി പ്രഖ്യാപിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. ബില്ലിന് അന്തിമരൂപം നല്‍കുന്നതിനു മുമ്പ് മറ്റൊരു വിദഗ്ധ സമിതി കരട് പരിശോധിക്കുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും. ബില്ല് പാസായതിനുശേഷം ആറുമാസത്തിനുള്ളില്‍ ഇതിനാവശ്യമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്താന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഗംഗാനദിയുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും.
Next Story

RELATED STORIES

Share it