ഖ്വിള്‌റിനോടൊപ്പമുളള മൂസായുടെ യാത്ര

ഖ്വിള്‌റിനോടൊപ്പമുളള മൂസായുടെ യാത്ര
X


ഇംതിഹാന്‍ ഒ അബ്ദുല്ല

(ഖിള്‌റുമൊത്തുള്ള മൂസാനബിയുടെ യാത്രയെക്കുറിച്ച ഖുര്‍ആനിന്റെ വിവരണം)

തുടര്‍ന്ന്, ഇരുവരും യാത്രയായി. അങ്ങിനെയിരിക്കെ, ഒരു കപ്പലില്‍ സഞ്ചരിക്കാനിടയായപ്പോള്‍ അദ്ദേഹം ആ കപ്പലിന് ഒരു ഓട്ടയിട്ടു.  മൂസ ചോദിച്ചു: താങ്കള്‍ ഈ കപ്പലിന് ഓട്ടയിട്ടതെന്തിന്? ഇതിലെ യാത്രക്കാരൊക്കെയും മുക്കി കൊല്ലാനോ, താങ്കള്‍ ഈ ചെയ്തത് മഹാ ക്രൂരതയായിപ്പോയില്ലോ? അദ്ദേഹം പറഞ്ഞു ഞാന്‍ പറഞ്ഞിരുന്നില്ലേ നിങ്ങള്‍ക്ക് എന്റെ കൂടെ ക്ഷമിച്ചു കഴിയാന്‍ സാധ്യമാവില്ലെന്ന് ? മൂസാ പറഞ്ഞു. മറന്നുപോയതിന്റെ പേരില്‍ താങ്കള്‍ എന്നെ ശിക്ഷിക്കരുത്.  എന്റെ കാര്യത്തില്‍ താങ്കള്‍ എന്നെ പ്രയാസപ്പെടുത്തരുത്.  ശേഷം അവര്‍ യാത്ര തുടര്‍ന്നു.
അവര്‍ അങ്ങനെ ഒരു കുട്ടിയെ കണ്ടുമുട്ടി.  അദ്ദേഹം ആ ബാലനെ കൊന്നു കളഞ്ഞു. മൂസാ ചോദിച്ചു: താങ്കള്‍ ഒരു നിരപരാധിയുടെ ജീവന്‍ അപഹരിച്ചതെന്തിന്, അവനാകട്ടെ, ആരെയും കൊന്നിട്ടുമില്ല.  താങ്കള്‍ ഈ ചെയ്തത് അങ്ങേയറ്റം മോശം തന്നെയായിപ്പോയി.  അദ്ദേഹം പറഞ്ഞു.  നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നില്ലേ, നിങ്ങള്‍ക്ക് എന്റെ കൂടെ ക്ഷമിച്ചു കഴിയാന്‍ സാധ്യമാവുകയില്ലെന്ന്. മൂസാ പറഞ്ഞു. ഇനി ഞാന്‍ താങ്കളോട് വല്ലതും ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹയാത്രികനാക്കേണ്ടതില്ല. താങ്കള്‍ക്ക് എന്നില്‍ നിന്ന് മതിയായ കാരണം കിട്ടി കഴിഞ്ഞു.
പിന്നെയും അവര്‍ മുന്നോട്ട് പോയി.  അങ്ങനെ ഇരുവരും ഒരു പട്ടണത്തില്‍ എത്തിച്ചേര്‍ന്നു. നാട്ടുകാരോട് അവര്‍ ഭക്ഷണം ചോദിച്ചു.  പക്ഷേ, അവര്‍ക്ക് ആഥിത്യം നല്‍കാന്‍ നാട്ടുകാര്‍ വിസമ്മതിക്കുകയാണ് ചെയ്തത്. അവിടെ അവര്‍ പൊളിഞ്ഞുവീഴാറായ ഒരു മതില്‍ കണ്ടെത്തി.  അദ്ദേഹം ആ മതില്‍ ശരിയാക്കി നിര്‍ത്തി.  മൂസാ പറഞ്ഞു. താങ്കള്‍ വിചാരിച്ചിരുന്നുവെങ്കില്‍ ഈ അധ്വാനത്തിന്റെ കൂലി വാങ്ങാമായിരുന്നു.  അദ്ദേഹം പറഞ്ഞു.  മതി, നിങ്ങളുമായുള്ള എന്റെ സഹവാസം അവസാനിച്ചിരിക്കുന്നു.  ഏതായാലും നിങ്ങള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതെപോയ സംഗതികളുടെ യാഥാര്‍ത്ഥ്യം ഇനി ഞാന്‍ വിവരിച്ചുതരാം. ആ കപ്പലിന്റെ കാര്യം ഇതാണ്.  അത് നദിയില്‍ അധ്വാനിച്ചുകഴിയുന്ന ചില പാവങ്ങളുടേതായിരുന്നു.  അതിനെ ഒരു കേടായ കപ്പലാക്കണമെന്ന് ഞാന്‍ തീരുമാനിച്ചു.  എന്തുകൊണ്ടെന്നാല്‍ എല്ലാ നല്ല കപ്പലുകളും ബലാല്‍കാരം പിടിച്ചെടുക്കുന്ന ഒരു പ്രദേശം വരാനുണ്ടായിരുന്നു. ആ ബാലന്റെ കാര്യമാണെങ്കില്‍ അവന്റെ ധിക്കാരത്താലും സത്യ നിഷേധത്താലും അവന്റെ സത്യവിശ്വാസികളായ മാതാപിതാക്കളെ അവന്‍ ഞെരിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു.  അതിനാല്‍ എന്റെ നാഥന്‍ അവന് പകരമായി സ്വഭാവത്തില്‍ അവനേക്കാള്‍ ഉല്‍കൃഷ്ടനും ഏറെ കുടുംബസ്‌നേഹം പ്രതീക്ഷിക്കാവുന്നവരുമായ സന്താനങ്ങളെ അവര്‍ക്ക് പ്രധാനം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു.  ഇനി ആ മതിലിന്റെ കാര്യത്തില്‍, അത് ആ പട്ടണത്തില്‍ താമസിക്കുന്ന രണ്ടു അനാഥകുട്ടികളുടെതാണത്.  ആ മതിലിനു ചുവട്ടില്‍ ഈ കുട്ടികള്‍ക്കുള്ള ഒരു നിധി ഇരിപ്പുണ്ട്.  അവരുടെ പിതാവ് ഒരു സച്ചരിതനായ മനുഷ്യനായിരുന്നു.  അതിനാല്‍ ആ കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തി തങ്ങളുടെ നിധി കണ്ടെടുക്കണമെന്ന് നമ്മുടെ നാഥന്‍ തീരുമാനിച്ചു. ഇതെല്ലാം നിങ്ങളുടെ നാഥന്റെ കാരുണ്യം മാത്രം.  ഞാന്‍ ഇതൊന്നും എന്റെ ഇച്ഛ പ്രകാരം ചെയ്തിട്ടുള്ളതല്ല. ഇതാകുന്നു നിങ്ങള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതെ പോയ സംഗതികളുടെ യാഥാര്‍ഥ്യം.
(വിശു. ഖുര്‍ആന്‍ അധ്യായം 18 അല്‍ കഹ്ഫ്, സൂക്തം 71-82)
ലോകത്ത് നടന്നു  കൊണ്ടിരിക്കുന്ന വ്യത്യസ്തങ്ങളായ സംഭവ വികാസങ്ങളോരോന്നിന്റെയും  യുക്തി എന്താണെന്ന് മനുഷ്യന്റെ പരിമിതമായ യുക്തി ഉപയോഗിച്ച് മനസിലാക്കുക സാധ്യമല്ലെന്നും അവക്കെല്ലാം പിന്നില്‍ യുക്തിമാനും സൂക്ഷജ്ഞാനിയുമായ അല്ലാഹുവിന്റെ അദൃശ്യമായ കരങ്ങളുണ്ടെന്നും വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ബോധ്യപ്പെടുത്തുന്നതാണ് ഈ സൂക്തങ്ങള്‍.  മാത്രമല്ല തങ്ങള്‍ക്ക് ഹിതകരമല്ലാത്തതോ ദോഷകരമായതോ ആയ കാര്യങ്ങള്‍ക്കു പിന്നിലും ആത്യന്തികമായ നന്മ അല്ലാഹു ഉദ്ദേശിച്ചിരിക്കുമെന്നു ചിന്തിക്കാന്‍ അല്ലാഹു വിശ്വാസികളെ പഠിപ്പിക്കുന്നു.
Next Story

RELATED STORIES

Share it