kozhikode local

ഖോരക്പൂര്‍ ആശുപത്രി ദുരന്തം ഹൃദയത്തില്‍ രക്തം കിനിയുന്ന ഓര്‍മ: ഡോ. കഫീല്‍ ഖാന്‍

കോഴിക്കോട്: 2017 ആഗസ്തി ല്‍ ഗോരക്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ക്ഷാമം കാരണം നിരവധി പിഞ്ചു ജീവനുകള്‍ പൊലിയാനിടയായ ദുരന്തത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഹൃദയത്തില്‍ രക്തം കിനിയുമെന്ന് ഡോ.കഫീല്‍ ഖാന്‍. അതൊരു കൂട്ടക്കൊല തന്നെയാണ്.
ഓരോ മണിക്കൂറിലും അമ്മമാര്‍ക്ക് മക്കളെ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ആ ദിവസങ്ങളില്‍ ആശുപത്രിയിലെ എല്ലാവരും അക്ഷീണം പരിശ്രമിക്കുകയായിരുന്നു. ഒരു ഡോക്ടര്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണ് താനന്ന് ചെയ്തത്. എന്നാല്‍ പിറ്റേദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നോട് ചോദിച്ചത് ‘നീ സ്വന്തമായി ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുവന്ന് ഹീറോ ആവുകയാണോ’ എന്നാണ്. അദ്ദേഹം എന്തുകൊണ്ട് തന്നോടങ്ങനെ ചോദിച്ചുവെന്നത് തനിക്ക്് ഇതുവരെ മനസിലായിട്ടില്ല. യോഗി സര്‍ക്കാര്‍ കുതന്ത്രത്തിലൂടെ എട്ട് മാസം ജയിലിലടച്ച തന്റെ മോചനം സാധ്യമാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീം ഖാനും മറ്റ്് സുമനസുകള്‍ക്കും ദൈവത്തിനും നന്ദി പറയുന്നുവെന്നും ഡോ. ഖാന്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന കമ്മറ്റി കോഴിക്കോട് അസ്മ ടവറില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.കഫീല്‍ ഖാന്‍.
ഓക്‌സിജന്‍ ക്ഷാമം മാത്രമല്ല ദുരന്തത്തിനു കാരണം, എന്നാല്‍ ക്ഷാമം ദുരന്തത്തിന്റെ തോത് കൂട്ടി. ചെയ്യാത്ത തെറ്റിന് മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിനു ശേഷം എനിക്കന്റെ ജീവിതം തിരിച്ചു കിട്ടി. എന്നാല്‍ അന്ന് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവന്‍ ഇനി തിരിച്ചുകിട്ടുമോ?’ അദ്ദേഹം വികാരധീനനായി ചോദിച്ചു. അഴിക്കുള്ളിലാക്കിയശേഷം തന്റെ വീട്ടുകാരെയും അവര്‍ വേട്ടയാടി.
ഒരു തെളിവുമില്ലാതെയാണ് എട്ടുമാസം ജയിലില്‍ കഴിഞ്ഞത്. നിയമപരമായും സാമ്പത്തികമായും ഏറെക്കാലം ആരുടെയും സഹായം കിട്ടിയില്ല. ഒറ്റക്കായിരുന്നു പോരാട്ടം.പിന്നീട് ഡോ.നദീം ഖാനുള്‍പ്പടെയുള്ളവര്‍ മുന്നോട്ടുവരികയായിരുന്നു. തുടക്കത്തില്‍ ഭയമുണ്ടായിരുന്നു. ഇപ്പോള്‍ ഭയമില്ല. പുറത്തറങ്ങിയപ്പോഴാണ് ആളുകളുടെ പിന്തുണ എത്രത്തോളമുണ്ടെന്ന് മനസിലായത്. കേരളത്തില്‍ വന്നയോഗി ആദിത്യനാഥ് കേരളീയര്‍ ആരോഗ്യരംഗത്ത് യുപിയെ മാതൃകയാക്കണമെന്നു പറഞ്ഞ വാര്‍ത്ത കേട്ടപ്പോള്‍ ചിരിച്ചുപോയി. കേരളത്തിലെ ആരോഗ്യ സൂചകങ്ങളെല്ലാം മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുമ്പോഴാണ് യോഗി ഇങ്ങനെ പറഞ്ഞത്. താന്‍ യുപിയെ സ്‌നേഹിക്കുന്നുണ്ട്, എന്നാലും യുപിയിലെ ആരോഗ്യരംഗം തകര്‍ന്നിരിക്കുകയാണെന്ന സത്യം പറയാതിരിക്കാനാവില്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. സ്വീകരണം ജമാഅത്തെ ഇസ്്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.
കഫീല്‍ഖാന്റെ മോചനത്തിനായി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീം ഖാന്‍ പ്രഭാഷണം നടത്തി. എംഇഎസ് സംസ്ഥാന പ്രസിഡന്റ്് ഡോ.ഫസല്‍ ഗഫൂര്‍, അന്വേഷി പ്രസിഡന്റ് കെ അജിത, മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ്,  മാധ്യമം സീനിയര്‍ കറസ്‌പോണ്ടന്റ് ഹസനുല്‍ ബന്ന, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്പി എം സാലിഹ്, സമദ് കുന്നക്കാവ് സംസാരിച്ചു.
Next Story

RELATED STORIES

Share it