Cricket

ഖേല്‍രത്‌നക്ക് കോഹ്‌ലിയെ നാമനിര്‍ദേശം ചെയ്ത് ബിസിസിഐ

ഖേല്‍രത്‌നക്ക് കോഹ്‌ലിയെ നാമനിര്‍ദേശം ചെയ്ത് ബിസിസിഐ
X


ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ക്യാപ്റ്റനും വെറ്ററന്‍ താരവുമായ വിരാട് കോഹ്‌ലിക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ബിസിസിഐ ശുപാര്‍ശ നല്‍കി. കൂടാതെ മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ ദ്രോണാചാര്യ അവാര്‍ഡിനും ധ്യാന്‍ചന്ദ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നാമ നിര്‍ദേശം ചെയ്തിട്ടുണ്ട്. ഇക്കാര്യം ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയാണ് പുറത്ത് വിട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി നടത്തുന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് രണ്ടാമതും ഖേല്‍രത്‌ന അവാര്‍ഡിന് കോഹ്‌ലിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്. ബാറ്റിങ് റാങ്കിങില്‍ ഏകദിനത്തില്‍ ഒന്നാമതും ടെസ്റ്റില്‍ രണ്ടാമതുമുള്ള കോഹ്‌ലി കഴിഞ്ഞ കുറച്ച് നാളുകളായി മികച്ച ഫോമിലാണ്. നേരത്തെ 2017 ല്‍ പത്മശ്രീ അവാര്‍ഡും 2013 ല്‍അര്‍ജുന അവാര്‍ഡും താരം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുകയും 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഫൈനലിലെത്തിച്ചതും പരിഗണിച്ചാണ് ദ്രാവിഡിനെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത്.  അതേസമയം, മികച്ച ക്രിക്കറ്റര്‍ എന്ന നിലയിലും ക്രിക്കറ്റിലെ നിരീക്ഷകന്‍ എന്ന നിലയിലും ഗവാസ്‌കറിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്തത്. ഇന്ത്യന്‍ കായിക രംഗത്തെ പരമോന്നത ബഹുമതിയാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ്. 2016 ലും ബിസിസിഐ കോഹ്‌ലിയെ ഖേല്‍ രത്‌നയ്ക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ പി വി സിന്ധു, സാക്ഷി മാലിക്ക്, ദീപ കര്‍മാക്കര്‍ എന്നിവര്‍ക്കായിരുന്നു ആ വര്‍ഷം ഖേല്‍ രത്‌ന അവാര്‍ഡ് ലഭിച്ചത്.
Next Story

RELATED STORIES

Share it