ജിഷയുടെ കൊലപാതകം; ഖേദിച്ചും ക്ഷോഭിച്ചും സിനിമാ ലോകം

പി പി ഷിയാസ്

തിരുവനന്തപുരം: ജിഷയുടെ ക്രൂര കൊലപാതകത്തില്‍ സിനിമാലോകത്തിലും പ്രതിഷേധാഗ്നി. സംഭവത്തില്‍ കേരളത്തിന്റെ പ്രബുദ്ധതയെയും കാലഹരണപ്പെട്ട നിയമവ്യവസ്ഥയെയും ചോദ്യം ചെയ്തും സ്ത്രീസുരക്ഷയില്‍ പൗരന്മാര്‍ക്കുള്ള കടമകള്‍ ചൂണ്ടിക്കാണിച്ചുമാണ് പ്രമുഖ താരങ്ങള്‍ തങ്ങളുടെ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍, മഞ്ജുവാര്യര്‍, ജോയ്മാത്യു തുടങ്ങിയവരാണ് ഫേസ്ബുക്കിലൂടെ തങ്ങളുടെ അഭിപ്രായം പങ്കുവച്ചത്.
ദിലീപ് രൂക്ഷമായ വിമര്‍ശനമാണ് വിഷയത്തില്‍ നടത്തിയിരിക്കുന്നത്. കൊടും കുറ്റവാളികള്‍ എത്രയും പെട്ടെന്നുതന്നെ ശിക്ഷിക്കപ്പെടണമെന്നും അതിന് കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റിയെഴുതണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. ഇരയോട് വേട്ടക്കാരന്‍ കാണിക്കാത്ത മനുഷ്യാവകാശം വേട്ടക്കാരനോട് നിയമവും സമൂഹവും എന്തിന് കാണിക്കണമെന്നും നിയമങ്ങള്‍ കര്‍ക്കശമാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോവിന്ദച്ചാമിമാര്‍ തിന്നുകൊഴുത്ത് ജയിലുകളില്‍ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണ് കാരണക്കാര്‍. നിയമത്തിന്റെ നൂലാമാലകളിലൂടെ കൊടുംകുറ്റവാളികള്‍ പോലും ആയുസ്സ് നീട്ടിക്കൊണ്ടു പോവുന്നു. വീണ്ടും കൊടും ക്രൂരതകള്‍ അരങ്ങേറുന്നു. ഇതിനൊരു മാറ്റം വേണ്ടേയെന്നും ദിലീപ് ചോദിക്കുന്നു.
ജിഷയുടെ അനുഭവത്തിന് മുന്നില്‍ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താല്‍ താഴ്ന്നുപോവുന്നെന്നു പറയുന്ന മമ്മൂട്ടി നിങ്ങള്‍ വിടന്മാരാവരുത്, പകരം വീരനായകരാവുക എന്നും ആണുങ്ങളോട് ആഹ്വാനം ചെയ്യുന്നു. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനു വേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകള്‍ക്കു വേണ്ടിയും നമുക്ക് വീരനായകരാവാമെന്നും ഇനിയൊരു ജിഷ ഉണ്ടാവരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയവരെ ഇനി ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കത്തക്കവണ്ണം ശിക്ഷിക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെടുന്നു. ഒരു വാക്കിനും ഭാഷയ്ക്കും ഉള്‍ക്കൊള്ളാനാവാത്തത്ര ദേഷ്യവും സങ്കടവും ഉള്ളില്‍ നിറയുകയാണെന്നായിരുന്നു മഞ്ജുവാര്യരുടെ പോസ്റ്റ്. സ്ത്രീയെ കൈക്കരുത്തില്‍ കീഴടക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീരു. അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാവില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു. നാനാജാതി മതസ്ഥര്‍ ഒത്തൊരുമയോടെ ജീവിക്കുന്ന പെരുമ്പാവൂര്‍ ഇന്ന് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത് ജിഷ എന്ന സഹോദരിക്ക് സംഭവിച്ച ദാരുണമായ ദുരന്തത്തെ കുറിച്ചാണെന്നും ഈ ദുരന്തത്തിന് കാരണക്കാരായവര്‍ക്ക് നിയമം ഒരു പഴുതും കൂടാതെ ശിക്ഷ നടപ്പാക്കുമെന്ന് വിശ്വസിക്കുന്നതായും ജയറാം പ്രത്യാശിക്കുന്നു.
കണ്ണീരു നിറഞ്ഞ കവിതകളല്ല, കാട്ടുതീ പോലുള്ള പ്രതിഷേധമാണു വേണ്ടതെന്നാണ് യുവനടന്‍ കുഞ്ചാക്കോ ബോബന്‍. ഒരു നഗരത്തില്‍ ഒരനീതി നടന്നാല്‍ അവിടെ ഒരു കലാപം നടക്കണം. ഇല്ലെങ്കില്‍ സന്ധ്യയാവും മുമ്പേ ആ നഗരം കത്തിച്ചാമ്പലാവുന്നതാണു നല്ലത് എന്ന ഓട്ടോ റെനെ കാസിലോയുടെ വാക്കുകള്‍ ഉദ്ധരിക്കുന്ന ജോയ്മാത്യൂ പെണ്‍കുട്ടികള്‍ ഉള്ള വീടുകളില്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച വേണമെന്ന് ഒരാള്‍ കത്തി കാച്ചുന്ന ചിത്രം നല്‍കി പൊതുസമൂഹത്തോട് പറയുന്നു.
Next Story

RELATED STORIES

Share it