Flash News

ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം : പുനരന്വേഷണം വേണമെന്ന ഹരജി ഇന്ന് പരിഗണിക്കും; പിഡിപി കക്ഷിചേരും



അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ചെമ്പിരിക്ക-മംഗളൂരു ഖാസിയും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു പുനരന്വേഷണം നടത്തണമെന്ന ഹരജി എറണാകുളം സിബിഐ കോടതി ഇന്നു പരിഗണിക്കും. ഖാസിയുടെ മകന്‍ സി എ മുഹമ്മദ് ശാഫി നല്‍കിയ ഹരജിയാണ് എറണാകുളം സിബിഐ കോടതി പരിഗണിക്കുന്നത്. അതേസമയം, കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പിഡിപി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആദൂര്‍ മഞ്ഞംപാറയിലെ ഉമര്‍ ഫാറൂഖ് തങ്ങള്‍ ഇന്ന് കക്ഷിചേരും. ഇന്നലെ എറണാകുളത്തെത്തിയ അദ്ദേഹം നിയമവിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. കഴിഞ്ഞയാഴ്ച ആദൂര്‍ പരപ്പ സ്വദേശിയായ അഷ്‌റഫ് എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടു ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതു സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള രണ്ടുപേരാണ് കൊലപാതകത്തിനു പിന്നിലെന്നും ഇതിന് ഒത്താശ ചെയ്തുകൊടുത്തത് നീലേശ്വരം സ്വദേശിയായ സുലൈമാന്‍ വൈദ്യരാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നീലേശ്വരത്ത് ഓട്ടോ ഡ്രൈവറായിരിക്കുമ്പോള്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ നിരവധി തവണ ചെമ്പിരിക്കയിലേക്ക് കൊണ്ടുവന്നതായും ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. യുവാവിന്റെ ആദ്യ ഭാര്യയുടെ പിതാവാണ് ഖാസിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ രണ്ടു ഡിവൈഎസ്പിമാരെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലിസ് ചീഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഹസയ്‌നാര്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, സംഭവം വെളിപ്പെടുത്തിയ യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താന്‍ പോലിസിന് സാധിച്ചിട്ടില്ല. അതിനിടെ, നീലേശ്വരം കോട്ടപ്പുറത്തെ സുലൈമാന്‍ വൈദ്യരെയും എഎസ്‌ഐ ഹനീഫയെയും പോലിസ് ചോദ്യം ചെയ്തു. മറ്റൊരു റിട്ട. പോലിസ് ഉദ്യോഗസ്ഥന്റെ ബന്ധുവിനെ തിരേയും പരാമര്‍ശമുണ്ട്. 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയാണ് ചെമ്പിരിക്ക കടുക്കക്കല്ലിനടുത്ത കടലില്‍ ഖാസി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം അന്വേഷിച്ച പോലിസ് ആത്മഹത്യയെന്ന തരത്തില്‍ എഴുതിത്തള്ളുകയായിരുന്നു. പിന്നീട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും ഇവരും ആദ്യ അന്വേഷണത്തെ ശരിവയ്ക്കുകയായിരുന്നു. സിബിഐയുടെ രണ്ടു സ്‌പെഷ്യല്‍ ടീമുകള്‍ രണ്ടു തവണകളായി അന്വേഷണം നടത്തിയിട്ടും ആത്മഹത്യയാണെന്നാണ് റിപോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് മകന്‍ മുഹമ്മദ് ശാഫി കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. സിബിഐ പല മൊഴികളെക്കുറിച്ചും അന്വേഷിച്ചിട്ടില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായ രീതിയില്‍ പുനരന്വേഷണം നടത്തി ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ഹരജിക്കാരന്റെ വാദം.
Next Story

RELATED STORIES

Share it