ഖാലിദ സിയയുടെമകനെതിരേ രാജ്യദ്രോഹ കേസ്

ധക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരീഖ് റഹ്മാനെതിരേ ധക്ക കോടതി രാജ്യദ്രോഹത്തിനു കേസെടുത്തു. കോടതി ഇയാള്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പോഷക സംഘടനയായ ബംഗബന്ധു ഫൗണ്ടേഷന്‍ പ്രസിഡന്റ് മൗഷിര്‍ മാലികിന്റെ പരാതിയിലാണ് റഹ്മാനെതിരേ കേസെടുത്തത്. ബംഗ്ലാദേശ് പ്രഥമ പ്രസിഡന്റ് ശെയ്ഖ് മുജീബുര്‍ റഹ്മാനെതിരേ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.
സപ്തംബര്‍ 29നു ലണ്ടനില്‍ നടന്ന പരിപാടിയില്‍ തന്റെ പിതാവായ സിയാവുര്‍ റഹ്മാനാണ് രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റെന്നു പ്രഖ്യാപിച്ച റഹ്മാന്‍ മുജീബുര്‍ റഹ്മാന്‍ ബംഗബന്ധുവല്ല, പാകിസ്താന്റെ സുഹൃത്താണെന്ന് ആരോപിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ധക്ക കോടതി അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ലൂഫര്‍ റഹ്മാന്‍ ശിശിറാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it