ഖാലിദാ സിയക്ക് അറസ്റ്റ് വാറന്റ്

ധക്ക: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദാ സിയക്ക് അറസ്റ്റ് വാറന്റ്. ഖാലിദയെ ഉടന്‍ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ധക്ക പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അഖ്തറുസ്സമാന്‍ ഉത്തരവിട്ടു. ഖാലിദയുടെ ഭര്‍ത്താവും ബംഗ്ലാദേശ് മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്മാന്റെ പേരിലുള്ള സിയ ഓര്‍ഫനേജ് ട്രസ്റ്റ്, സിയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച കേസിലാണ് കോടതിയുടെ ഉത്തരവ്. ബിഎന്‍പി പാര്‍ട്ടി അധ്യക്ഷ കൂടിയായ മുന്‍ പ്രധാനമന്ത്രിക്കെതിരേ രണ്ടുമാസത്തിനിടെ പുറപ്പെടുവിക്കുന്ന മൂന്നാമത്തെ അറസ്റ്റ് വാറന്റാണിത്. അറസ്റ്റ്്് ഒഴിവാക്കണമെന്ന ബിഎന്‍പി അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി. ഇടതുകക്ഷികള്‍ ആഹ്വാനം ചെയ്ത ആറു മണിക്കൂര്‍ ഹര്‍ത്താലും സുരക്ഷാ പ്രശ്‌നങ്ങളും കാരണമാണ് ഖാലിദാ സിയക്ക് കോടതിയില്‍ ഹാജരാവാന്‍ സാധിക്കാത്തതെന്ന് അഭിഭാഷകരായ മുഹമ്മദ് സനാനുള്ള മിയ, മഹ്ബൂബ് ഉദ്ദിന്‍ ഖൊകോന്‍ എന്നിവര്‍ വാദിച്ചു. ഈ വര്‍ഷം ആഗസ്ത് 8നാണ് ഖാലിദാ സിയക്കും മറ്റു മൂന്നുപേര്‍ക്കുമെതിരേ തേസ്ഗാവ് പോലിസ് സ്റ്റേഷനില്‍ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തത്. അധികാരമുപയോഗിച്ചു ട്രസ്റ്റുകള്‍ക്കു വേണ്ടി ധനസഹായം ലഭ്യമാക്കിയെന്നാണ് കേസ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നാണ് ബിഎന്‍പി ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it