azchavattam

ഖസാക്കായി മുസിരിസ്

ഖസാക്കായി മുസിരിസ്
X
Kasak



ഫിറോസ് ഹസ്സന്‍

kasak-2തൃശൂരിലെ അന്താരാഷ്ട്ര തിയേറ്റര്‍ ഫെസ്റ്റില്‍ ദീപന്‍ ശിവരാമന്റെ 'ഖസാക്കിന്റെ ഇതിഹാസം' നാടകത്തിന്റെ പ്രദര്‍ശനം കഴിഞ്ഞു പിരിയുമ്പോള്‍ നാടകം കാണാന്‍ എത്തിയ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ ഒന്നുറച്ചു, ഖസാക്കിലെ കരിമ്പനകള്‍ തങ്ങളുടെ മുസിരിസിലേക്കു കൂടി പറിച്ചുനടണം.
നാടകം കളിക്കാന്‍ വേണ്ട വലിയ ചെലവ് തന്നെയാണ് എല്ലാവരെയും പോലെതന്നെ കൊടുങ്ങല്ലൂര്‍ക്കാരെയും കുഴക്കിയത്. എങ്കിലും ഒരു വെല്ലുവിളി പോലെത്തന്നെ അവരത് ഏറ്റെടുത്തു. സാംസ്‌കാരിക സാമൂഹികരംഗങ്ങളില്‍ സജീവമായവരുടെ വിപുലമായ കൂട്ടായ്മ രൂപപ്പെടുത്തിക്കൊണ്ടാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ അതിന്റെ ആദ്യചുവടു വച്ചത്. പ്രശസ്ത സംവിധായകന്‍ കമലിന്റെ നേതൃത്വത്തിലുള്ള ബഹദൂര്‍ അനുസ്മരണ സമിതികൂടി താല്‍പര്യം പ്രകടിപ്പിച്ചതോടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിച്ചു. അങ്ങനെയാണ് ആ വലിയ കൂട്ടായ്മയ്ക്ക് അരങ്ങൊരുങ്ങിയത്. ഡോ. സെയ്ദ് ചെയര്‍മാനും പത്രപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി ജനറല്‍ കണ്‍വീനറുമായി നൂറിലേറെ അംഗങ്ങളുള്ള സമിതിക്ക് കമല്‍ സര്‍ഗാത്മക നേതൃത്വം നല്‍കുന്നു. ബിനാലെ ഫൗണ്ടേഷനും ഈ ആഘോഷങ്ങളില്‍ പങ്കാളിയാണ്.



ഫ്ളക്‌സിനെ നാടുകടത്തിയ പ്രചാരണം
നാടകം നടത്താന്‍ തീരുമാനിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ആദ്യമെടുത്ത പ്രതിജ്ഞകളിലൊന്ന് ഫഌക്‌സ്‌ബോര്‍ഡുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ്. ഒരുപക്ഷേ, സംഘാടകസമിതിയുടെ മുഖഛായ തന്നെ മാറ്റിമറിച്ച തീരുമാനങ്ങളിലൊന്നായിരുന്നു അത്. നഗരത്തിലും സമീപനഗരങ്ങളിലും പ്രശസ്തരും          അല്ലാത്തവരുമായ ചിത്രകാരന്‍മാരും ചിത്രകാരികളും സംഘാടകസമിതിക്കു കീഴില്‍ അണിനിരന്നു. ഏകദേശം ഒരു മാസത്തോളം നീണ്ടുനിന്ന ആ ചിത്രരചനാ കാംപയിനില്‍ ചുവരായ ചുവരുകളിലൊക്കെയും ഇതിഹാസത്തിലെ  കഥാപാത്രങ്ങള്‍ നിറഞ്ഞു. ചിലയിടത്ത് നീലാകാശത്തിന്റെ അനന്തതയില്‍ തുമ്പികള്‍ പറന്നു. വെള്ളപൂശിയ മതിലുകളില്‍ ഖസാക്കിലെ കരിമ്പനക്കാടുകള്‍ സ്ഥാനംപിടിച്ചു. രാജാവിന്റെ പള്ളിയും ചിതലിമലയിലെ  ശെയ്ഖിന്റെ മിനാരങ്ങളും ചുവരുകളില്‍ അവര്‍ വരച്ചു. കുട്ടാടന്‍ പൂശാരിയെ വരച്ചു. കുട്ടാപ്പു നരിയെ വരച്ചു. നൈജാമലിയെ വരച്ചു. മൊല്ലാക്കയെ വരച്ചു. മൈമൂനയെയും തിത്തിബീയുമ്മയെയും വരച്ചു. മുസിരിസിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നാളിതുവരെയില്ലാത്ത ഉണര്‍വും ഉല്ലാസവും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
കൊടുങ്ങല്ലൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മതിലുകളില്‍ വരയ്ക്കാന്‍ തഴക്കം ചെന്ന വരക്കാര്‍ക്കൊപ്പം സ്‌കൂളിലെ കൊച്ചു കലാകാരികളും കൂടി. കുഞ്ഞിക്കൈകളിലെ ബ്രഷും ചായവും മതിലുകളില്‍ പ്രകൃതിദൃശ്യങ്ങള്‍ വരഞ്ഞപ്പോള്‍ വഴിയാത്രക്കാര്‍ക്കും അത് കൗതുകമായി. എറിയാട് കേരളവര്‍മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും ടീച്ചര്‍മാരും ഇതുപോലെത്തന്നെ തങ്ങളുടെ  മതിലുകളില്‍ വരയ്ക്കാനിറങ്ങി. ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലെ ചിത്രംവരയ്ക്ക് നേതൃത്വം കൊടുത്തത് പ്രശസ്ത ചിത്രകാരനായ ടി പി പ്രേംജിയായിരുന്നു. ചിത്രംവര കാണാനും ആസ്വദിക്കാനും ആളുകളെത്തി. 'ഖസാക്കിലെ രാത്രി' എന്ന പ്രേംജിയുടെ ചിത്രം   ശ്രദ്ധേയമായിരുന്നു. കാഴ്ചക്കാരില്‍ ചിലര്‍       തങ്ങളുടെ മൊബൈല്‍ കാമറകളില്‍ ചിത്രം പകര്‍ത്തിയപ്പോള്‍ ഫ്രീക്കന്മാര്‍ ആ അവസരം സെല്‍ഫിയെടുക്കാന്‍ ഉപയോഗപ്പെടുത്തി.
കോട്ടപ്പുറം ചന്തയില്‍ ഡാനിയും സുധിയും ചിത്രം വരയ്ക്കുമ്പോള്‍ പഴയ ബോട്ട്‌ജെട്ടി വരയ്ക്കണമെന്ന ആവശ്യവുമായി ചന്തയിലെ പ്രായംചെന്നവരും ചുമട്ടുകാരും അടുത്തുകൂടി.
സിനിമാ കലാസംവിധായകന്‍ കൂടിയായ ഡാനി ഒടുവില്‍ ടിക്കറ്റ് കൗണ്ടര്‍ പുനരാവിഷ്‌കരിച്ചു. ടിക്കറ്റെടുക്കുന്ന ഒരാളെയും വരച്ചു. അയാള്‍ക്കു പിന്നില്‍ ടിക്കറ്റിനായി ക്യൂ നിന്ന് ഫോട്ടോ എടുപ്പിച്ച ശേഷമാണ് അവര്‍ പിന്‍മാറിയത്. ഇത്തരത്തില്‍ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ കൊടുക്കുന്നത് കോട്ടപ്പുറത്തെ യുവാക്കളുടെ ഹരമായി മാറിക്കഴിഞ്ഞു.
ചിത്രംവരയിലെ ബഹുജന പങ്കാളിത്തം തന്നെയായിരുന്നു ശ്രദ്ധേയമായ ഘടകം. പൊരിവെയിലില്‍ വരച്ചുനിന്ന കലാകാരന്മാര്‍ക്ക് ചായയും വെള്ളവും ബീഡിയും സിഗരറ്റും  വാങ്ങിക്കൊടുത്തുകൊണ്ടാണ് ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ  തൊഴിലാളികള്‍ ഐക്യദാര്‍ഢ്യം അറിയിച്ചത്. പകരം മീന്‍മാര്‍ക്കറ്റിലെ തൊഴിലാളികളെത്തന്നെ വരച്ചുകൊണ്ട് സുധി ഷണ്‍മുഖവും ഡാനിയും സാബുവും അയൂബും ഓംകാറും 'പകരം വീട്ടി'. ഗനിയുടെ മെറ്റല്‍ ശില്‍പം അമ്മയും കുഞ്ഞും, കെ ജി ബാബുവിന്റെ ഹൈപര്‍ റിയലിസ്റ്റ് ചിത്രവും പ്രേംജിയുടെത്തന്നെ ഖസാക്ക് സീരിസും ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

kasak-3നൈജാം ഫോട്ടോ പതിനൊന്നാം നമ്പര്‍ ബീഡി
'സയ്യിദ് മിയാന്‍ ശെയ്ഖ് തുണൈ നൈജാം ഫോട്ടോ  പതിനൊന്നാം നമ്പര്‍ ബീഡി
ആരോക്കിയകരം
വെസ്സപ്പുണ്ടാക്കും
തിന്ന തീന്‍പണ്ടങ്ങള്‍ എരിയും'
- എസ്എന്‍ പുരം ചന്തയിലെ വിചിത്രമായ  ഈ പരസ്യബോര്‍ഡ് കണ്ട് ആളുകള്‍ മേലോട്ടു നോക്കി.

'ഖസാക്കിന്റെ ഇതിഹാസം' നോവലിലെ നൈസാമലിയുടെ ബീഡിക്കമ്പനിയുടെ പരസ്യം അതേ രീതിയില്‍ ചുവരുകളില്‍ പുനരാവിഷ്‌കരിച്ചതായിരുന്നു കലാകാരന്മാര്‍. 'ഖസാക്കിന്റെ ഇതിഹാസം' മലയാള സാഹിത്യചരിത്രത്തിലെ ഒരു ഇതിഹാസമായിരുന്നെങ്കില്‍ ദീപന്റെ നാടകം മലയാള നാടക ചരിത്രത്തിലെ തന്നെ മറ്റൊരു ഇതിഹാസമാവുകയാണ്. നാടകസംഘാടനത്തെയും അതേ പാതയിലേക്കു നയിക്കാനുള്ള ശ്രമത്തിലാണ് മുസിരിസുകാര്‍.



മുസിരിസില്‍ നിന്ന് ഖസാക്കിലേക്ക്
കൊടുങ്ങല്ലൂര്‍ക്കാര്‍ക്ക് പൊതുവേ മുസിരിസുകാര്‍ എന്നറിയപ്പെടാനാണ് കൂടുതല്‍ താല്‍പര്യം. 2500 വര്‍ഷം പഴക്കമുള്ള 'മുസിരിസ്' ലോകത്ത് അക്കാലത്തെ ഏറ്റവും പ്രമുഖമായ തുറമുഖമായിരുന്നു. യൂറോപ്പിനെ ഏഷ്യയുമായി ബന്ധിപ്പിച്ചിരുന്ന വാണിജ്യകവാടമായ ഈ പട്ടണം റോമന്‍ പടയാളികളുടെ സ്ഥിരം സങ്കേതവുമായിരുന്നു. അഗസ്തനീസ് ദേവന്റെ ഒരു ക്ഷേത്രവും മുസിരിസില്‍ നിലനിന്നിരുന്നു. അങ്ങനെ ഇതിഹാസ സമാനമായ തങ്ങളുടെ ചരിത്രത്തിന്റെ വേരുകള്‍ ചികയാന്‍ മുസിരിസുകാര്‍ ഇഷ്ടപ്പെടുന്നു. പലായനം ചെയ്യപ്പെട്ട ജൂതന്മാര്‍, ക്രിസ്തുമതം പ്രചരിപ്പിക്കാനായി കപ്പലിറങ്ങിയ വിശുദ്ധ തോമാശ്ലീഹാ, ചെ ങ്കോലും കിരീടവും  ഉപേക്ഷിച്ചു മക്കത്തുപോയ ചേരമാന്‍ പെരുമാള്‍... ഉപഭൂഖണ്ഡത്തിലെ തന്നെ ആദ്യ മുസ്‌ലിം പള്ളി ചേരമാന്‍ ജുമാ മസ്ജിദ്-മുസിരിസിന്റെ ഇതിഹാസവും പരമ്പരകളും അങ്ങനെ നീണ്ടുപോവുന്നു...

kasak-4 kasak-5
kasak-7ഖസാക്കിന്റെ ഇതിഹാസത്തെ ചൊല്ലിയുള്ള കൊടുങ്ങല്ലൂരുകാരുടെ ചര്‍ച്ചകള്‍ക്ക് ആ കൃതി അച്ചടിച്ചുവന്ന കാലത്തോളം പഴക്കമുണ്ട്. പ്രമുഖ പത്രപ്രവര്‍ത്തകനായ എന്‍ മാധവന്‍കുട്ടി, പഴയ നക്‌സല്‍ നേതാവ് നജ്മല്‍ ബാബുവായി മാറിയ ടി എന്‍ ജോയി, എഴുത്തുകാരനായ മാടമ്പ് കുഞ്ഞുക്കുട്ടന്‍, കെ വേണു, കെ എച്ച് ഹുസയ്ന്‍, മുഹമ്മദലി, അഡ്വ. മേഘനാഥന്‍, നാരായണന്‍കുട്ടി... ആ നിര അങ്ങനെ തുടര്‍ന്നു പോവുന്നു.
ഖസാക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുസിരിസിലെ ബുദ്ധിജീവികള്‍ രണ്ടായിപ്പിരിഞ്ഞ് സംവാദത്തിലേര്‍പ്പെട്ടു. കാലം ചെല്ലേ അവരെല്ലാം പല വഴിയായി പിരിഞ്ഞെങ്കിലും അവരുടെ രണ്ടും മൂന്നും തലമുറകള്‍ ഇപ്പോഴും ഖസാക്കിനെ പിന്‍തുടരുകയാണ്. തസ്‌റാക്കിലേക്ക് ഒരു ഗോത്രസ്ഥലിയിലേക്കെന്നവണ്ണം തീര്‍ത്ഥയാത്ര പോവുന്നു. ഞാറ്റുപുരയും കരിമ്പനകളും കണ്‍കുളിര്‍ക്കെ കണ്ട് സംതൃപ്തിയോടെ മടങ്ങുന്നു. തസ്‌റാക്കില്‍ നിന്നാവട്ടെ വ്രതമെടുത്ത കോമരങ്ങള്‍ ചെമ്പട്ടും കൊടുവാളുമായി വര്‍ഷാവര്‍ഷം കൊടുങ്ങല്ലൂര്‍ ഭരണിക്ക് ഉറഞ്ഞുതുള്ളുന്നു. കരിമ്പനകളില്‍ നിന്നു വെട്ടിയെടുത്ത പനങ്കരിക്കുമായി വല്ലപ്പോഴുമെത്തുന്ന നൊങ്ക് കച്ചവടക്കാരും പനംചക്കരക്കാരും- കര്‍മപരമ്പരയുടെ  ചരടുകള്‍ ഇക്കാലം വരേക്കും ഇങ്ങനെയൊക്കെയായിരുന്നു ഈ ദേശങ്ങളെ ബന്ധിപ്പിച്ചിരുന്നത്. നാടകാവതരണത്തോടെ ഒരു പുതിയ ദേശം കൂടി ഈ ചരടിലേക്ക്   കണ്ണി ചേര്‍ക്കപ്പെടുകയാണ്. കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ എന്ന ഒരു ഗ്രാമവും അവിടത്തെ കുറേ മനുഷ്യരും.



മുസ്‌ലിംപേടിയുടെ കാലത്തെ ഖസാക്ക്
kamal

ഇതൊരു നാടകാവതരണം മാത്രമല്ല, ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണെന്നാണ് മുഖ്യസംഘാടകനും കൊടുങ്ങല്ലൂര്‍ ഫിലിം  സൊസൈറ്റിയുടെ പ്രവര്‍ത്തകനുമായ അഡ്വ. എം കെ അനൂപ് പറയുന്നത്. അതില്‍ ചിത്രം വരയുണ്ട്, ശില്‍പങ്ങള്‍  മെനയുന്നുണ്ട്, ചെറുചെറു നാടകങ്ങള്‍ കോര്‍ത്തിണക്കിയെടുത്ത തിയേറ്റര്‍ സ്‌കെച്ചുകളുണ്ട്, ഗസല്‍ സന്ധ്യകളുണ്ട്, കവിയരങ്ങുകളും കഥയരങ്ങുകളും തുടങ്ങി സിനിമാറ്റിക് ഡാന്‍സുകള്‍ വരെയുണ്ട്. അങ്ങനെ തമ്മില്‍ തമ്മില്‍ ചേരാത്തതെന്നു തോന്നിക്കുന്ന വിവിധങ്ങളായ സാംസ്‌കാരിക രൂപങ്ങളുടെ ഒരു കാര്‍ണിവല്‍ എന്നുകൂടി ഈ  സംഘാടനത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഈ കാര്‍ണിവലിന്റെ പരിസമാപ്തിയായിട്ടാണ് 'ഖസാക്കിന്റെ ഇതിഹാസം' അവതരിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, മുസ്‌ലിംപേടിയുടെ ഈ കാലഘട്ടത്തില്‍ വൈവിധ്യപൂര്‍ണമായ മുസ്‌ലിംജീവിതത്തെയും സാംസ്‌കാരിക  പരിസരത്തെയും ചരിത്രപരമായ സത്യസന്ധതയോടെയും പ്രാധാന്യത്തോടെയും ആവിഷ്‌കരിക്കുന്നു എന്നതാണ് മറ്റൊരു  സംഘാടകനായ ബിജോയ് അരവിന്ദനെ ഈ നാടകത്തോട് അടുപ്പിക്കുന്നത്. റിയാസും റിജോയിയും വിപിന്‍ദാസും അരുണും അബ്ദുല്‍ സലാമും രാജേഷും ആദര്‍ശും ഫാരിസും അങ്ങനെ വ്യത്യസ്ത കാരണങ്ങളാലും അഭിരുചികളാലും  ഒത്തുചേര്‍ന്ന ഒരു വലിയ കൂട്ടായ്മയാണ് നാടകത്തിന്റെ സംഘാടനത്തിനായി ഇറങ്ങിയിരിക്കുന്നത്.
ചൂടു  നഷ്ടപ്പെട്ട  വെയില്‍ കരിമ്പനകളുടെ സീല്‍ക്കാരം. എന്താണ് മനസ്സിലൂടെ  കടന്നുപോയത്? കരുണ, ആസക്തി, നീരസം, ക്രൂരമായ ജിജ്ഞാസ, കൃതാര്‍ഥത  എന്തായിരുന്നു  അത്? അല്ലെങ്കില്‍  അത് എല്ലാമായിരുന്നു. ജന്മാന്തരങ്ങളുടെ ഇളവെയിലില്‍ തുമ്പികള്‍  പറന്നലഞ്ഞു. രവി  നടന്നു... അസ്തമയത്തിന്റെ  താഴ്‌വരയില്‍  വീണ്ടും ചെമ്പകം  പൂത്തുനിന്നു...
Next Story

RELATED STORIES

Share it