Flash News

ഖഷഗ്ജിയെ കൊന്ന് തുണ്ടംതുണ്ടമാക്കി

ആങ്കറ: മുതിര്‍ന്ന സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മിഡിലീസ്റ്റ് ഐ. ചൊവ്വാഴ്ച ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷഗ്ജിയെ രണ്ടുപേര്‍ ചേര്‍ന്ന് കോണ്‍സല്‍ ജനറലിന്റെ ഓഫിസില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി കോണ്‍സല്‍ ജനറലിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടുകയും ചെയ്തതായി അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ റിപോര്‍ട്ട് ചെയ്യുന്നു.
ഖഷഗ്ജി എപ്പോഴാണ്, ഏതു മുറിയില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നും മൃതദേഹം വെട്ടിമുറിച്ചത് എവിടെവച്ചാണെന്നും തങ്ങള്‍ക്കറിയാമെന്ന് അന്വേഷണസംഘവുമായി നേരിട്ടു ബന്ധമുള്ള തുര്‍ക്കി ഉദ്യോഗസ്ഥന്‍ അറിയിച്ചതായും മിഡിലീസ്റ്റ് ഐ വെളിപ്പെടുത്തുന്നു. പുനര്‍വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകള്‍ക്കായി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് 59കാരനായ ഖഷഗ്ജിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
സപ്തംബര്‍ 28നാണ് ഖഷഗ്ജി ആദ്യമായി കോണ്‍സുലേറ്റിലെത്തിയത്. എന്നാല്‍, രേഖകള്‍ അപ്പോള്‍ നല്‍കാനാവില്ലെന്നറിയിച്ച് സൗദി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഉദ്യോഗസ്ഥന്റെ നമ്പറുമായാണ് ഖഷഗ്ജി കോണ്‍സുലേറ്റ് വിട്ടത്. തുടര്‍ന്നു രേഖകള്‍ റെഡിയാണെന്നും നേരിട്ടുവന്ന് വാങ്ങാനും ഒക്ടോബര്‍ 2ന് ചൊവ്വാഴ്ച രാവിലെ ഖഷഗ്ജിയെ അറിയിച്ചു. ഉച്ചയ്ക്കു ഒരുമണിക്ക്് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിക്കുകയും ചെയ്തു. ഉന്നതതലയോഗം നടക്കുന്നതിനാല്‍ അന്ന് ഉച്ചയ്ക്കുശേഷം ഓഫ് എടുക്കാന്‍ കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
ഇതുപ്രകാരം ഭൂരിപക്ഷം ജീവനക്കാരും ഓഫിസിലുണ്ടായിരുന്നില്ല. വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഫോട്ടോയില്‍ ഖഷഗ്ജി കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്ന സമയം രേഖപ്പെടുത്തിയത് 1.14നാണ്. ഖഷഗ്ജി കോണ്‍സല്‍ ജനറലിന്റെ മുറിയിലേക്ക് പ്രവേശിച്ചതിനു പിന്നാലെ രണ്ടുപേര്‍ മുറിയില്‍ പ്രവേശിക്കുകയും അദ്ദേഹത്തെ അവിടെ നിന്ന് മറ്റൊരു മുറിയിലേക്ക്് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് മൃതദേഹം മറ്റൊരു മുറിയിലെത്തിച്ച് വെട്ടിമുറിച്ചു. ശരീരത്തില്‍ മയക്കുമരുന്ന് കുത്തിവച്ചിരുന്നതായും ബ്രിട്ടിഷ് രഹസ്യാന്വേഷണവിഭാഗം സംശയിക്കുന്നുണ്ട്.
മൂന്നിനും നാലുമണിക്കുമിടയില്‍ അവിടെ 22 കാറുകള്‍ ഉണ്ടായിരുന്നു. അതിലൊന്ന് 3.15ന് കോണ്‍സുലേറ്റില്‍നിന്ന് ഒരു കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ള കോണ്‍സല്‍ ജനറലിന്റെ വീട്ടിലേക്കു പോയിരുന്നു. വെട്ടിമുറിച്ച മൃതദേഹത്തിന്റെ ഭാഗങ്ങള്‍ അവിടെയെത്തിച്ച് പൂന്തോട്ടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. ഖഷഗ്ജിയുടെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുക്കുന്നതിന് കോണ്‍സല്‍ ജനറലിന്റെ പൂന്തോട്ടം കിളച്ചു പരിശോധിക്കുന്നത് പ്രോസിക്യൂട്ടര്‍ ജനറലിന്റെ പരിഗണനയിലുണ്ടെന്നും മിഡിലീസ്റ്റ് ഐ റിപോര്‍ട്ട് ചെയ്യുന്നു. വീടും കാറുകളും പരിശോധിക്കുന്നതിന് തുര്‍ക്കി പോലിസ് അനുമതി തേടിയെങ്കിലും സൗദി അനുമതി നല്‍കിയിട്ടില്ല.
അതിനിടെ, ഖഷഗ്ജി സ്വന്തം അന്ത്യനിമിഷം ആപ്പിള്‍ വാച്ചില്‍ റിക്കാഡ് ചെയ്ത് ഭാര്യക്ക് അയച്ചുവെന്ന് സംശയമുണ്ടെന്ന് തുര്‍ക്കി പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ സൗദി അറേബ്യയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങള്‍ സൗദി അറേബ്യ ശക്തമായി നിഷേധിക്കുകയാണ്.

Next Story

RELATED STORIES

Share it