World

ഖഷഗ്ജിയുടെ തിരോധാനം സൗദി കോണ്‍സുലേറ്റില്‍ സംയുക്ത പരിശോധന: തുര്‍ക്കി

റിയാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ സംയുക്ത പരിശോധന നടത്തുമെന്നു തുര്‍ക്കി വിദേശകാര്യ മന്ത്രാലയം. സൗദി-തുര്‍ക്കി ഉദ്യോഗസ്ഥര്‍ സംയുക്തമായാണു കോണ്‍സുലേറ്റില്‍ പരിശോധന നടത്തുക. ഈ മാസം രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് ഖഷഗ്ജിയെ കാണാതായത്.
മാധ്യമപ്രവര്‍ത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട നയതന്ത്ര തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. സല്‍മാനുമായുള്ള ചര്‍ച്ചയെക്കുറിച്ച് ട്വിറ്ററിലൂടെയാണ് ട്രംപ് വിവരം അറിയിച്ചത്. ഖഷഗ്ജിക്ക് എന്താണ് സംഭവിച്ചതെന്നതു സംബന്ധിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സല്‍മാന്‍ രാജാവിന്റെ പ്രതികരണമെന്നു ട്രംപ് ട്വീറ്റ് ചെയ്തു. സൗദി രാജാവുമായി ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയെ അയക്കുമെന്നും ട്രംപ് അറിയിച്ചു.
ഖഷഗ്ജിയെ സൗദി അധികൃതര്‍ വധിച്ചതായി തുര്‍ക്കി ആരോപിച്ചിരുന്നു. എന്നാല്‍ തുര്‍ക്കിയുടെ ആരോപണം തെറ്റാണെന്നായിരുന്നു ഇതിനോടു സൗദിയുടെ പ്രതികരണം.
ഖഷഗ്ജിയെ കൊലപ്പെടുത്തുന്ന സമയത്തുള്ള ശബ്ദരേഖകള്‍ ലഭിച്ചതായും തുര്‍ക്കി അധികൃതര്‍ പറഞ്ഞിരുന്നു. ഖഷഗ്ജി ധരിച്ചിരുന്ന ആപ്പിള്‍ വാച്ചില്‍ നിന്നുള്ള ശബ്ദരേഖകളാണു തുര്‍ക്കി അധികൃതര്‍ക്കു ലഭിച്ചതെന്നു സബഹ് പത്രം റിപോര്‍ട്ട് ചെയ്തു.
കോണ്‍സുലേറ്റിലേക്ക് കടക്കുന്നതിനു മുമ്പായി ഖഷഗ്ജി വാച്ചിലെ റെക്കോഡിങ് സംവിധാനം ഓണ്‍ ആക്കിയിരുന്നെന്നും ഇതില്‍ നിന്നു തിരോധാനത്തെ സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായും സബഹ് പത്രം റിപോര്‍ട്ട് ചെയ്തു. തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേ എന്തെങ്കിലും ഉപരോധം ചുമത്തിയാല്‍ അതിനെതിരേ തിരിച്ചടിയുണ്ടാവുമെന്നു സൗദി ഭരണകൂടം കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഏതു നടപടിക്കും അതിനേക്കാള്‍ വലിയ തിരിച്ചടി നല്‍കുമെന്നും സൗദി ഭരണകൂടം പറയുന്നു.
ഖഷഗ്ജിയെ കാണാതായ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങള്‍ ബ്രിട്ടനും യുഎസും അടക്കമുള്ള രാജ്യങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങുന്നതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഈ മാസം റിയാദില്‍ നടക്കുന്ന, സൗദി ഭരണകൂടം സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് (എഫ്‌ഐഐ) കോണ്‍ഫറന്‍സ് ബ്രിട്ടനും യുഎസും ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു. സൗദി ഓഹരി വിപണികളെയും നയതന്ത്ര പ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുണ്ട്.
സൗദി അറേബ്യക്കു മേല്‍ യുഎസ് ഉപരോധ ഭീഷണി മുഴക്കിയതോടെ എണ്ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. പുതിയ സാഹചര്യത്തില്‍ അത് 100 ആവുമെന്നാണ് ആശങ്ക.

Next Story

RELATED STORIES

Share it