Flash News

ഖര്‍ദാവിയുടെ നോമ്പനുഭവം

ഖര്‍ദാവിയുടെ നോമ്പനുഭവം
X


പ്രബോധന ജീവിതത്തിനിടയില്‍ അവിസ്മരണീയമായ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്ന് ഇവിടെ പകര്‍ത്തട്ടെ: അതൊരു റമദാന്‍ കാലത്തായിരുന്നു. വേനലവധി പ്രമാണിച്ച് ഞാന്‍ നാട്ടിലുണ്ട്. ഒരു ജുമുഅ ഖുത്തുബക്ക് കഫ്‌റുശൈഖുകാര്‍ എന്നെ ആവശ്യപ്പെട്ടതായി ത്വന്‍തയിലെ ഓഫിസില്‍ നിന്നു വിവരം കിട്ടി. കഫ്‌റുശൈഖിലേക്കുള്ള ബസ്‌സ്റ്റോപ്പില്‍ ഒരാള്‍ എന്നെ പ്രതീക്ഷിച്ചു കാത്തുനില്‍ക്കുമെന്നും അറിയിപ്പുണ്ടായി. ഞാന്‍ നേരത്തേ എഴുന്നേറ്റ് വസ്ത്രം മാറി ബസ്‌സ്റ്റോപ്പിലേക്കു പുറപ്പെട്ടു. അവിടെ ഒരു ഇഖ്‌വാനി കാത്തുനില്‍പുണ്ടായിരുന്നു. 'സഖ' എന്ന പ്രദേശത്തിനടുത്തുള്ള ഗ്രാമത്തിലേക്കാണ് ഞങ്ങള്‍ ബസ് കയറിയത്. അതികഠിനമായ ചൂട്. ശരീരം വിയര്‍ത്തൊലിക്കുന്നു.
പള്ളി ജനനിബിഡമാണ്. ഞാന്‍ ഖുത്തുബ നിര്‍വഹിച്ചു. നമസ്‌കാരശേഷം ഒരല്‍പം സദുപദേശവും. ആ നാട്ടുകാര്‍ക്കെന്നെ ഇഷ്ടമായി. നോമ്പ് തുറന്നേ മടങ്ങാവൂ എന്നവര്‍ പറഞ്ഞുനോക്കി. ഞാനാവട്ടെ, ഒഴികഴിവുകള്‍ നിരത്തി തിരിച്ചുപോരാന്‍ തീര്‍ച്ചയാക്കി.
എന്നെ അനുഗമിച്ചിരുന്ന സുഹൃത്ത് പറഞ്ഞു. താങ്കള്‍ക്ക് 'സഖ'യില്‍ നിന്നു തീവണ്ടി കിട്ടും. ഞാന്‍ ചോദിച്ചു: യാത്രക്കൂലി എത്ര വേണം? പ്ലാറ്റ്‌ഫോം കൗണ്ടറില്‍ അന്വേഷിച്ചശേഷം അദ്ദേഹം പറഞ്ഞു: ആറു കിര്‍ശ്.
ഞാന്‍ അല്ലാഹുവെ സ്തുതിച്ചു. എന്റെ കൈവശം ആറ് കിര്‍ശുണ്ട്. എന്റെ ആകെ സമ്പാദ്യം. സത്യത്തില്‍ എന്റെ യാത്രക്കൂലി കഫ്‌റുശൈഖിലെ ഇഖ്‌വാന്‍ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. ത്വന്‍തക്കാര്‍ നല്‍കുമെന്ന് അവര്‍ കരുതിക്കാണും. കഫ്‌റുശൈഖിലുള്ള ഇഖ്‌വാനികള്‍ കൊടുക്കുമെന്ന് ത്വന്‍തക്കാരും വിചാരിച്ചിട്ടുണ്ടാവണം. എന്നെ അനുഗമിച്ച പാവമാവട്ടെ, ഇതൊന്നും അറിഞ്ഞുമില്ല.
'സഖ'യില്‍ നിന്നു നാട്ടിലേക്കു പുറപ്പെട്ടത് വേഗം കുറഞ്ഞ തീവണ്ടിയിലാണ്. മഗ്‌രിബിന്റെ ഏതാനും മിനിറ്റു മുമ്പ് സ്റ്റേഷനില്‍ വണ്ടിയിറങ്ങി. അവിടെ നിന്ന് സഫ്ത് തുറാബിലെത്താന്‍ ബസ്സോ ഓട്ടോയോ വേണം. ഞാന്‍ ധര്‍മസങ്കടത്തിലായി. എന്റെ കൈവശം പണമില്ല. നോമ്പ് തുറക്കണം. നാട്ടിലെത്തണം. കഠിനമായ വിശപ്പും ദാഹവും. ചൂടിനു ശമനം വന്നിട്ടില്ല. റെയില്‍വേ സ്റ്റേഷനു സമീപം എന്റെ അകന്ന ബന്ധുവുണ്ട്. അവിടെ ചെന്ന് നോമ്പു തുറക്കാം. സഫ്തിലേക്കുള്ള വണ്ടിക്കൂലിയും വാങ്ങാം.
ഞാന്‍ ബന്ധുവീട് തേടി പുറപ്പെട്ടു. നിര്‍ഭാഗ്യമെന്നു പറയട്ടെ. എനിക്കു വഴിതെറ്റി. എത്ര ശ്രമിച്ചിട്ടും വഴി കണ്ടുപിടിക്കാനായില്ല. അസ്തമയശോഭ പ്രത്യക്ഷപ്പെട്ട അന്നേരത്ത് എനിക്കൊരു വഴികാട്ടിയെ കിട്ടിയതുമില്ല.
മഗ്‌രിബ് ബാങ്കു വിളിച്ചു. പള്ളിയില്‍ ചെന്നു വെള്ളം കുടിച്ച് നോമ്പു തുറക്കുകയല്ലാതെ മാര്‍ഗമില്ല. നമസ്‌കാരാനന്തരം ആ പ്രദേശത്തെ ഇഖ്‌വാനിയുടെ വീട് ലക്ഷ്യംവച്ചു ഞാന്‍ നടന്നു. അല്‍പ നേരത്തിനുശേഷം ഏതാനും ഇഖ്‌വാനികള്‍ അവിടെ ഒത്തുകൂടി. അവരെന്നെ 'കാസൂസ' കുടിക്കാന്‍ ക്ഷണിച്ചു. (ഭക്ഷണം ദഹിപ്പിക്കുന്ന ഒരു തരം പാനീയമാണിത്) ഞാന്‍ കാസൂസ കുടിക്കുന്നതെന്തിന്? ഒഴിഞ്ഞ വയറിന്റെ ഉടമയാണ് ഞാനിപ്പോള്‍. നോമ്പും ഖുത്തുബയും ദുര്‍ഘടമായ യാത്രയും എന്നെ പരിക്ഷീണിതനാക്കിയിട്ടുണ്ട്. വയറുപോലെ എന്റെ കീശയും കാലിയാണ്. ഇതെല്ലാം അവരോടു തുറന്നുപറയാമായിരുന്നു. സ്വതസിദ്ധമായ ലജ്ജ എന്നെ എല്ലാറ്റില്‍ നിന്നും പിന്തിരിപ്പിച്ചു. അവസാനം ഞാനവരോടു യാത്ര പറഞ്ഞ് മെയിന്‍ റോഡിലേക്കിറങ്ങി; സഫ്തിലേക്കു കാല്‍നടയായി പോവാമെന്ന തീരുമാനത്തോടെ.
ഞാന്‍ പെരുവഴിയിലായി. അതിലെ വന്ന ഒന്നു രണ്ട് വാഹനങ്ങള്‍ക്കു കൈ കാണിച്ചെങ്കിലും അവ നിര്‍ത്താതെ പോയി. ടാക്‌സിയെ ഞാന്‍ ബോധപൂര്‍വം അവഗണിച്ചു. കാരണം, ടാക്‌സിക്കൂലി തന്നെ. അതിനിടെ ആ വഴി കടന്നുപോയ ഒരാള്‍ എന്നെ ശ്രദ്ധിച്ചു. അയാള്‍ ചോദിച്ചു:
'താങ്കളെന്തുകൊണ്ടാണ് ടാക്‌സി വിളിക്കാത്തത്?'
'എന്റെ കൈവശം ടാക്‌സിക്കൂലിയില്ല'- ഞാന്‍ തുറന്നുപറഞ്ഞു.
'ടാക്‌സിക്കൂലി എത്ര വേണം?'
ഞാന്‍ പറഞ്ഞു: രണ്ടു കിര്‍ശ്. അദ്ദേഹം എനിക്ക്
രണ്ടു കിര്‍ശ് വച്ചുനീട്ടി. ഞാനതു സ്വീകരിച്ചു. അല്ലാഹു
ആ അപരിചിതന് ദീര്‍ഘായുസ്സും സമ്പത്തും നല്‍കി
അനുഗ്രഹിക്കട്ടെ.

('ഓത്തുപള്ളിയുടെ പുത്രന്‍' എന്ന പേരില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്ന ഡോ. യൂസുഫുല്‍ ഖര്‍ദാവിയുടെ ആത്മകഥയില്‍ നിന്ന്)
Next Story

RELATED STORIES

Share it