ഖരമാലിന്യ സംസ്‌കരണം: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേരളത്തിന് സമയം അനുവദിച്ചു

ന്യൂഡല്‍ഹി: ഖരമാലിന്യ സംസ്‌കരണത്തിനുള്ള നയവും ചട്ടങ്ങളും സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സുപ്രിംകോടതി കേരളത്തിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഖരമാലിന്യ സംസ്‌കരണത്തിനുള്ള നയവും ചട്ടങ്ങളും ഇതുവരെ രൂപവല്‍ക്കരിക്കാത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും സുപ്രിംകോടതി കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, എസ് അബ്ദുന്നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തില്‍ ഖരമാലിന്യ സംസ്‌കരണത്തിനുള്ള നയത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും മന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ചീഫ് സെക്രട്ടറി സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതോടെ, പ്രളയം കാരണം ബുദ്ധിമുട്ടുന്ന സംസ്ഥാനമായതിനാല്‍ നയം സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കൂടി സുപ്രിംകോടതി അനുവദിക്കുകയായിരുന്നു. എന്നാല്‍, ഇത് അന്തിമ സമയപരിധിയാണെന്നു സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it