Flash News

ഖമറുന്നീസയെ മാറ്റിയത് ചെറിയ നടപടി : കുഞ്ഞാലിക്കുട്ടി

ഖമറുന്നീസയെ മാറ്റിയത് ചെറിയ നടപടി : കുഞ്ഞാലിക്കുട്ടി
X


കോഴിക്കോട്:  വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയായിരുന്ന ഖമറുന്നീസ അന്‍വറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ചെറിയ നടപടി മാത്രമാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ബിജെപിയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വനിത ലീഗ് അധ്യക്ഷ ഖമറുന്നിസാ അന്‍വറിനോട് ആദ്യം വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. പോഷക സംഘടന ഭാരവാഹികളുടെ കാലാവധി അവസാനിച്ച ഘട്ടത്തിലാണ് വിവാദം ഉണ്ടായത്. തുടര്‍ന്ന് കമ്മിറ്റി കൂടി ഇവര്‍ തുടരേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. അവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടൊന്നുമില്ല. വനിതാ ലീഗ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകളില്‍ പുതിയ കമ്മിറ്റികള്‍ വരാന്‍ പോകുകയാണ്. വിവാദ പരാമര്‍ശം നടത്തിയ സ്ഥിതിക്ക് വനിതാ ലീഗ് പ്രസിഡന്റ് സ്ഥാനത്ത് അവര്‍ ഇരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഖമറുന്നീസയെ മാറ്റിയത് അച്ചടക്ക നടപടിയാണോയെന്ന ചോദ്യത്തിന് അത് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു മറുപടി. ബിജെപി സര്‍ക്കാരിനെ പുകഴ്ത്തുന്ന ഒരു നടപടിയും പറ്റില്ല. അത് സംഘടനയെ ബാധിക്കും. നേരത്തെ ഡോ എം കെ മുനീര്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സമാനമായ സംഭവങ്ങളില്‍ ഉള്‍പ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് പോലെ മറ്റ് പാര്‍ട്ടിക്കാരായ പലരും ചെന്നുപെട്ടിട്ടുണ്ടായിരുന്നുവെന്നായിരുന്നു മറുപടി. ബിജെപിക്കെതിരായ നിലപാട് സംബന്ധിച്ച് പാര്‍ട്ടിക്ക് യാതൊരു ചാഞ്ചല്ല്യവുമില്ല. കെ എം മാണിയോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് മുസ്്‌ലിംലീഗിന്റെ നിലപാട് ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അറിയിക്കും. ലീഗിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. എന്നാല്‍ അത് പരസ്യമായി പറഞ്ഞ് പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരേ നില്‍ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ നേതാക്കള്‍ അടുത്ത ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ കാണുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



[related]
Next Story

RELATED STORIES

Share it