kasaragod local

ഖബറടക്കം നടത്തുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്ത് ഉത്തരവ്

കാസര്‍കോട്: പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി ഖബറടക്കം നടത്തുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ കോടതി നീക്കം ചെയ്ത് ഉത്തരവിട്ടു. 2015 ഫെബ്രുവരി 11ന് മരണപ്പെട്ട സി എച്ച് ഖാസിം ഹാജിയുടെ ഭാര്യ ആയിശയുടെ ഖബറടക്കം നടത്തുന്നതുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കോടതി നീക്കം ചെയ്തത് ഉത്തരവിട്ടത്.
ആയിശയെ ഖബറടക്കം നടത്തുന്നതിനായി കുടുംബാംഗങ്ങള്‍ പള്ളികമ്മിറ്റിയെ സമീപിച്ചിരുന്നെങ്കിലും തല്‍ഖീന്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഖബറടക്കം നടത്താന്‍ അനുവദിക്കുകയുള്ളുവെന്ന് കമ്മിറ്റി അറിയിച്ചിരുന്നു. കുടുംബാംഗങ്ങള്‍ മുജാഹിദ് വിഭാഗക്കാരായതിനാല്‍ പ്രസ്തുത പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പള്ളികമ്മിറ്റിയുടെ മേല്‍നടപടികള്‍ ചോദ്യം ചെയ്ത് ആയിശയുടെ മക്കളായ സി കെ ശരീഫ്, സി കെ സിറാജുദ്ദീന്‍ എന്നിവര്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് വഖഫ് ട്രൈബ്യൂണല്‍ ജഡ്ജ് പി ജെ വിന്‍സന്റ് വിധി പുറപ്പെടുവിച്ചത്. അന്യായക്കാരുടെ കുടുംബാംഗങ്ങളും മരണപ്പെട്ടാല്‍ ഖബറടക്കം നടത്തുന്നതിന് വിലക്കോ നിയന്ത്രണമോ ഏര്‍പ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it